ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു: ആമിര്‍ ഖാന്‍
ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു: ആമിര്‍ ഖാന്‍
Thursday, November 26, 2015 12:33 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അസഹിഷ്ണുത പ്രശ്നത്തില്‍ തന്റെ പ്രസ്താവനയ്ക്കെതിരേ വിമര്‍ശനമുന്നയിച്ച ബിജെപി സംഘപരിവാര്‍ നേതാക്കള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ രംഗത്ത്. തനിക്കോ തന്റെ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഒരു ഉദ്ദേശവുമില്ലെന്നും ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കുന്നതായും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ ആമിര്‍ ഖാന്‍, താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി. താന്‍ ഇന്ത്യാക്കാരനാണെന്നു പറയുന്നതിനു തന്നെ ദേശവിരുദ്ധന്‍ എന്നു വിളിക്കുന്നവരുടെ അനുവാദമോ അംഗീകാരമോ വേണ്െടന്നും ആമിര്‍ ഖാന്‍ തുറന്നടിച്ചു.

ആമിര്‍ ഖാന്റെ പ്രസ്താവന ഇങ്ങനെ: ആദ്യമേ പറയട്ടെ, എനിക്കോ എന്റെ ഭാര്യ കിരണിനോ ഇന്ത്യ വിടാന്‍ ഒരു ഉദ്ദേശവും ഇല്ല. ഞങ്ങള്‍ അങ്ങിനെ ഒരുഘട്ടത്തിലും ഉദ്ദേശിച്ചിട്ടില്ല, ഭാവിയില്‍ അങ്ങനെ ചെയ്യാനും പോകുന്നില്ല. മറിച്ച് ചിന്തിക്കുന്നവര്‍ എന്റെ അഭിമുഖം ഒന്നുകില്‍ കണ്ടിട്ടില്ല, അല്ലെങ്കില്‍ ഞാന്‍ പറഞ്ഞതിനെ വക്രീകരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്.

ഇന്ത്യ എന്റെ രാജ്യമാണ്, ഞാന്‍ അതിനെ സ്നേഹിക്കുന്നു. ഇവിടെ ജനിച്ചത് ഭാഗ്യമെന്ന് കരുതുന്നു. ഇതാണ് ഞാന്‍ ജീവിക്കുന്ന ഇടം.രണ്ടാമത്, ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞ എല്ലാകാര്യത്തിലും ഉറച്ചുനില്‍ക്കുന്നു. എന്നെ ദേശവിരുദ്ധന്‍ എന്നു വിളിക്കുന്ന എല്ലാവരോടും പറയാനുള്ളത്, ഞാന്‍ ഇന്ത്യക്കാരനായതില്‍ അഭിമാനം കൊള്ളുന്നു. എനിക്ക് അതിന് ആരുടേയും അനുവാദമോ അംഗീകാരമോ ആവശ്യമില്ല. ഹൃദയം തുറന്നു സംസാരിച്ചതിന് എനിക്കു നേരെ അശ്ളീലം വിളിച്ചു പറയുന്നവരോട് ദുഃഖത്തോടെ പറയട്ടെ, ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ സ്ഥാപിക്കുകയാണു ചെയ്യുന്നത് എന്നുമാത്രം. എന്നോടൊപ്പം നിന്ന എല്ലാ ജനങ്ങള്‍ക്കും നന്ദി. അതുല്യവും മനോഹരവുമായ നമ്മുടെ ഈ രാജ്യം എന്തിനു വേണ്ടി നിലകൊണ്ടുവോ, അതെല്ലാം നാം പരിരക്ഷിക്കേണ്ടതുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ “പേടിയില്ലാത്ത ഹൃദയത്തില്‍’ എന്ന കവിത ഉദ്ധരിച്ചാണ് ആമിര്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.


തിങ്കളാഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സംഘടിപ്പിച്ച മികച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള രാംനാഥ് ഗോയങ്ക പുരസ്കാര വിതരണ ചടങ്ങില്‍ നടത്തിയ ആശയ സംവാദത്തിലാണ് കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി രാജ്യത്തു നടക്കുന്ന സംഭവങ്ങളില്‍ ബോളിവുഡ് സൂപ്പര്‍ താരം ആശങ്ക പ്രകടിപ്പിച്ചത്. രാജ്യത്തു കുറേ മാസങ്ങളായി നടക്കുന്ന സംഭവങ്ങള്‍ ഭീതിയുണ്ടാക്കുന്നുണ്െടന്നും കുട്ടികളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിട്ടുപോകേണ്ടി വരുമോയെന്നു ഭാര്യ കിരണ്‍ ചോദിച്ചെന്നുമായിരുന്നു ആമിറിന്റെ പരാമര്‍ശം. രാജ്യത്തെ അഹിഷ്ണുതാ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് പുരസ്കാരം തിരിച്ചുനല്‍കുന്നവര്‍ക്കു അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആമിറിന്റെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതാണെന്നും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും ബിജെപിയും കേന്ദ്ര സര്‍ക്കാരും ആരോപിച്ചു.

രാഹുല്‍ ഗാന്ധി അടക്കമുള്ള ഒട്ടേറെ പേര്‍ ആമിറിനു പിന്തുണയുമായി എത്തിയപ്പോള്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടു. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനും, ഷാരുഖ് ഖാനുമെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന് ഹിന്ദുമഹാസഭയും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ജീവിക്കാനാവില്ലെങ്കില്‍ അദ്ദേഹത്തിനു പാക്കിസ്താനിലേക്കു പോകാമെന്നും ആമിര്‍ഖാന്‍ രാജ്യത്തോടു വിശ്വാസ വഞ്ചന കാട്ടുകയാണെന്നും ശിവസേനയും ആരോപിച്ചു. ആമിര്‍ ബ്രാന്‍ഡ് അംബാസഡറായ ഓണ്‍ലൈന്‍ വെബ്സൈറ്റായ സ്നാപ്ഡീല്‍ ഡോട്കോമിനെതിരേ വരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.