ഏഴുവര്‍ഷം: ഉണങ്ങാത്ത മുറിവായി മുംബൈ ഭീകരാക്രമണം
ഏഴുവര്‍ഷം: ഉണങ്ങാത്ത മുറിവായി മുംബൈ ഭീകരാക്രമണം
Friday, November 27, 2015 12:19 AM IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ഏഴാംവാര്‍ഷികദിനത്തില്‍ രാജ്യമെമ്പാടും അനുസ്മരണചടങ്ങുകള്‍. രാജ്യത്തിനു ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ച ആക്രമണത്തിനായി ഏഴുവര്‍ഷം മുമ്പുള്ള നവംബര്‍ 26 നാണു പാക്കിസ്ഥാനില്‍ നിന്നുള്ള പത്തംഗ ഭീകരസംഘം കടല്‍മാര്‍ഗം മുംബൈ തീരത്തേക്കു കടന്നുകയറി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തു ചോരപ്പുഴയൊഴുക്കിയത്.

സ്ഫോടകവസ്തുക്കളും തോക്കുകളുമായി നഗരത്തിലെത്തിയ സംഘം കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തുകയായിരുന്നു. 18 സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 166 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, മഹാരാഷ്ട്ര ഭീകരവിരുദ്ധസേനാ തലവന്‍ ഹേമന്ദ് കര്‍ക്കറ, മുംബൈ അഡീഷണല്‍ പോലീസ് കമ്മിഷണര്‍ അശോക് കാംതെ, പോലീസ് ഇന്‍സ്പെക്ടര്‍ വിജയ് സലാസ്കര്‍ തുടങ്ങിയ നിരവധി പേരാണ് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. ഭീകരസംഘത്തിലുണ്ടായിരുന്ന അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. ദീര്‍ഘനാള്‍ വീണ്ട വിചാരണകള്‍ക്കുശേഷം 2012 നവംബര്‍ 21 നു കസബിനെ തൂക്കിലേറ്റി.

വീരചരമം പ്രാപിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ഏഴാംവാര്‍ഷിക ദിനത്തില്‍ ലോക്സഭാ നടപടികള്‍ തുടങ്ങിയത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഭീകരത വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. തെക്കന്‍ മുംബൈയിലെ പോലീസ് ജിംഖാനയിലുള്ള സ്മാരകത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണചടങ്ങുകള്‍. മുംബൈയുടെ സുരക്ഷയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരോടുള്ള കടപ്പാട് വിവരാണതീതമാണ്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ പോലീസ് സേനയെ നവീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മഹാരാഷ്ട്ര പോലീസ് സംഘടിപ്പിച്ച ചടങ്ങില്‍ ഡിജിപി പ്രവീണ്‍ ദീക്ഷിതും മുംബൈ പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദും ഉള്‍പ്പെടെ പ്രമുഖരാണ് പങ്കെടുത്തത്. വീരചരമം പ്രാപിച്ച സേനാംഗങ്ങള്‍ക്ക് സഹപ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഖിലേന്ത്യാ ഭീകരവിരുദ്ധ മുന്നണി (എഐഎടിഎഫ്) ചെയര്‍മാര്‍ എം.എസ്. ബിട്ടയുടെ നേതൃത്വത്തില്‍ പോലീസ് ജിംഖാന, നരിമാന്‍പോയിന്റിലെ ട്രൈഡന്റ് ഹോട്ടല്‍, കൊളാബയിലെ കഫേ ലിയോപോര്‍ഡ്, ഹോട്ടല്‍ താജ്മഹല്‍ പാലസ്, ഛത്രപതി ശിവജി ടെര്‍മിനസ് തുടങ്ങി 2008 ല്‍ ഭീകരാക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ബോളിവുഡിലും പ്രത്യേകം അനുസ്മരണചടങ്ങുകളുണ്ടായിരുന്നു. താരങ്ങളായ ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.