കേജരിവാളിനെതിരേ വീണ്ടും വിമതനീക്കം
കേജരിവാളിനെതിരേ വീണ്ടും വിമതനീക്കം
Sunday, November 29, 2015 11:46 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ വിമത പക്ഷം വീണ്ടും രംഗത്ത്. ജനലോക്പാല്‍ ബില്ലില്‍ വെള്ളം ചേര്‍ത്ത് സത്ത ചോര്‍ത്തിക്കളഞ്ഞെന്ന് ആരോപിച്ചാണ് പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. കേജരിവാള്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ വലിയ കാപട്യവും വഞ്ചനയും കാണിച്ച നേതാവാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് ഉറപ്പുള്ള വ്യവസ്ഥകള്‍ ചേര്‍ത്താണ് കേജരിവാള്‍ പുതിയ ലോക്പാല്‍ ബില്ല് തയാറാക്കിയിരിക്കുന്നത്. ബില്ല് യാഥാര്‍ഥ്യമാകണമെന്ന് ഒട്ടും തന്നെ ആഗ്രഹവുമില്ലെന്നു പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ കേജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയാണു വേണ്ടതെന്നും ആവശ്യപ്പെട്ടു. ബില്ലിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ തയാറാവുന്നു. ആരാലും ചോദ്യം ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടാത്ത മോദിയെപ്പോലെയാണ് കേജരിവാളെന്നും കുറ്റപ്പെടുത്തുന്നു.

വിമത പക്ഷത്തോടൊപ്പം നില്‍ക്കുന്ന ആപ് എംഎല്‍എ പങ്കജ് പുഷ്കറിന് ഉപദേശക സമിതി അംഗം എന്ന നിലയില്‍ ലഭിച്ച ബില്ലിന്റെ പകര്‍പ്പ് പരിശോധിച്ചാണ് ബില്ലിന്റെ കരടു തയറാക്കിയവരില്‍ പ്രമുഖരായ പ്രശാന്ത് ഭൂഷണ്‍ ആരോപണം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് സര്‍ക്കാറുമായി അനാവശ്യ ഏറ്റുമുട്ടല്‍ ആഗ്രഹിച്ചാണ്. സംസ്ഥാന ലോകായുക്തയ്ക്ക് അത്തരം അധികാരം നല്‍കുന്ന വ്യവസ്ഥ തങ്ങള്‍ രൂപം നല്‍കിയ കരടില്‍ ഇല്ല. വ്യാജ പരാതിക്കാര്‍ക്ക് ഒരു വര്‍ഷം തടവു നല്‍കുന്ന വ്യവസ്ഥ പരാതിക്കാരെ പിന്നോട്ടു പോകാനേ ഉപകരിക്കൂ എന്നും യുക്തിക്കു നിരക്കാത്ത വ്യവസ്ഥകള്‍ കുത്തി നിറച്ചതു കൊണ്ടാണ് ബില്ലിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരസ്യമാക്കാത്തതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.


എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്റെ ജന ലോക്പാല്‍ ബില്ലിനെ പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും എതിര്‍ക്കുന്നത് ബിജെപിയോടുള്ള വിധേയത്വത്തിന്റെ പേരിലാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കേജരിവാള്‍ സര്‍ക്കാരിന്റെ ജനപക്ഷ നീക്കങ്ങളെ എതിര്‍ക്കാനുള്ള ശ്രമമാണിത്. കേജരിവാളിനെയും പാര്‍ട്ടിയെയും തെരഞ്ഞെടുപ്പില്‍ തോല്പിക്കാന്‍ ശ്രമിച്ചതു വഴി പ്രശാന്ത് ഭൂഷണിന്റെയും പിതാവിന്റെയും ബിജെപിയുമായുള്ള അടുപ്പം നേരത്തേ തന്നെ വ്യക്തമാണ്. ജന ലോക്പാല്‍ ബില്ലിന്റെ ഓരോ വാക്കും വ്യവസ്ഥയും നിയമസഭ ചര്‍ച്ച ചെയ്തു പാസാക്കിയ ശേഷം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയയ്ക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.