കേന്ദ്രമന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണിക്ക് ബിജെപിയില്‍ ആലോചന
Sunday, November 29, 2015 11:48 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ബിഹാറിലെ നിയമസഭയിലെയും മധ്യപ്രദേശിലെ റത്ലാം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെയും കനത്ത തോല്‍വിക്കു പിന്നാലെ കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും വലിയ അഴിച്ചുപണിക്ക് ആലോചന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞു മിക്കവാറും ജനുവരിയിലാകും പുനഃസംഘടന. ബിജെപി അധ്യക്ഷനും മോദിയുടെ വിശ്വസ്തനുമായ അമിത് ഷായെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാനും ബിജെപിക്കു പുതിയ പ്രസിഡന്റിനെ കണ്െടത്താനുമാണു പ്രധാന ആലോചന. ഏതാനും കേന്ദ്രമന്ത്രിമാരെ മാറ്റനും ചിലരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും മോദി തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ തോല്‍വിക്കു കാരണമായ വിവാദ പ്രസ്താവനകളും നടപടികളും ഉണ്ടായ മന്ത്രിമാരെ മാറ്റാനാണു മോദിയുടെ നീക്കം. ഉടനെ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപി, ബംഗാള്‍, ആസാം, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. കേരളത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നുണ്െടങ്കിലും ധാരണയിലെത്തിയിട്ടില്ല.

ബംഗാള്‍, ആസാം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണു നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനു പിന്നാലെ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ 2017ല്‍ നടക്കാനിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80ല്‍ 72 സീറ്റും നേടിയ വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എന്തു വിലകൊടുത്തും ഭരണം പിടിക്കാനാകും മോദി, അമിത് ഷാ കൂട്ടുകെട്ടിന്റെ പദ്ധതി. അതിനു മുമ്പു ബംഗാളിലും ആസാമിലും ബിജെപിക്കു പരമാവധി സീറ്റ് പിടിക്കാനും തന്ത്രങ്ങള്‍ മെനയുന്നുണ്ട്. യുപിയിലും ആസാമിലും ഭരണം കിട്ടിയാല്‍ രാജ്യസഭയില്‍ കൂടി എന്‍ഡിഎ സര്‍ക്കാരിനു ഭൂരിപക്ഷം നേടാനും നിര്‍ണായകമാകും.

ബിഹാറിലെ പ്രചാരണത്തിനു നേതൃത്വം നല്‍കിയ കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്, ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, രാസവളം മന്ത്രി ആനന്ദ് കുമാര്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനത്തില്‍ മോദിക്കും അമിത് ഷായ്ക്കും അതൃപ്തിയുണ്ട്. ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാന്റെ കാര്യത്തിലും കാര്യമായ അതൃപ്തിയുണ്െടങ്കിലും സഖ്യകക്ഷിയായതിനാല്‍ മന്ത്രിസഭയില്‍ തുടരും. കേന്ദ്രമന്ത്രിസഭയിലെ ബിഹാറിന്റെ പ്രാതിനിധ്യം കുറയ്ക്കാനാണു സാധ്യത.


അനാവശ്യ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിക്കു പ്രേരകമായ മന്ത്രിമാരായ മഹേഷ് ശര്‍മ, വി.കെ. സിംഗ്, ഗിരിരാജ് കിഷോര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി തുടങ്ങിയവരില്‍ ചിലരെ മന്ത്രിസഭയില്‍ നിന്നു മാറ്റുന്നതിനെക്കുറിച്ചു സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ഗുജറാത്തില്‍ തന്റെ വിശ്വസ്തനായ അമിത് ഷായെ മുഖ്യമന്ത്രിയാക്കാനാണു സജീവ ആലോചന നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ ആരോഗ്യം മോശമാണെന്നതാകും കാരണമായി പറയുക. പട്ടേല്‍ സമരം ബിജെപിക്കും സര്‍ക്കാരിനും ക്ഷീണമായെന്നതും പുതിയ മുഖ്യമന്ത്രിയെ നിയമിക്കാന്‍ കാരണമാണ്. ഡല്‍ഹിയില്‍ വേണ്ടത്ര പരിചയമില്ലാത്ത അമിത് ഷായുടെ പല തന്ത്രങ്ങളും പാളുന്നതും മാറ്റത്തിനു പ്രേരകമാണ്. ഡല്‍ഹിക്കു പിന്നാലെ മോദിയും അമിത് ഷായും സജീവ പ്രചാരണം നടത്തിയ ബിഹാറിലും ബിജെപിക്കു കനത്ത തോല്‍വി നേരിടേണ്ടി വന്നതില്‍ പ്രധാനമന്ത്രി തീര്‍ത്തും അസ്വസ്ഥനാണ്. അമിത് ഷായെ ഗുജറാത്തില്‍ മുഖ്യമന്ത്രിയാക്കിയാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ആര്‍എസ്എസിനു വളരെ സ്വീകാര്യനുമായ ജെ.പി. നഡ്ഡയെ ആണു പ്രധാനമായും ബിജെപി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുക.

രാജ്നാഥ് സിംഗിനെ വീണ്ടും ബിജെപി പ്രസിഡന്റാക്കണമെന്നും ഒരു വിഭാഗം ആഗ്രഹിക്കുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ പ്രതിരോധ വകുപ്പിലേക്കോ, വിദേശകാര്യ വകുപ്പിലേക്കോ മാറ്റിയേക്കുമെന്നും പ്രചാരണങ്ങളുണ്ട്. സുഷമ സ്വരാജിനു പകരം വിശ്വസ്തനായ മറ്റൊരാളെ വിദേശകാര്യ മന്ത്രിയാക്കണമെന്നാണു മോദിയുടെ ആലോചന. മനോഹര്‍ പരീക്കറിനെ വേറെ പ്രധാന വകുപ്പിലേക്കു മാറ്റുന്ന കാര്യവും പരിഗണയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.