വാരാണസിയില്‍ കൊക്കകോളയ്ക്കെതിരേ പ്ളാച്ചിമട മോഡല്‍ സമരം
Sunday, November 29, 2015 11:48 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ കൊക്കകോളയുടെ ജലചൂഷണത്തിനെതിരേ സമരം. കൊക്ക കോളയുടെ ബോട്ടിലിഗ് പ്ളാന്റിനെതിരേ വാരണാസിയിലെ 18 വില്ലേജ് കൌണ്‍സിലുകളാണു രംഗത്തെത്തിയത്. കമ്പനി ജലം ഊറ്റുന്നതു മൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് ആരോപിച്ചാണു സമരം. പ്ളാന്റിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് കേരളത്തില്‍ കൊക്ക കോളയ്ക്കെതിരേ പ്ളാച്ചിമടയില്‍ നടന്ന സമരത്തിനു സമാനമായി ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

1999ലാണ് വാരാണസിയിലെ മെഹഡി ഗഞ്ചില്‍ കമ്പനി ബോട്ടിലിംഗ് പ്ളാന്റ് തുറന്നത്. പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ജലക്ഷാമം നേരിടുന്നതായി വില്ലേജ് കൌണ്‍സിലുകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനും കൃഷിക്കും ഏതാണ്ട് പൂര്‍ണമായി ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലമാണ്. കൃഷി ഉപജീവനമായി സ്വീകരിച്ചവരാണ് ജനങ്ങളിലേറെയും. കമ്പനിയുടെ ജല ചൂഷണം തുടങ്ങിയതോടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായിരിക്കുന്നത്. 18 കൌണ്‍സിലുകളും ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കേന്ദ്ര ഭൂഗര്‍ഭജല അഥോറിറ്റിക്കും പരാതി നല്‍കിയിരിക്കുകയാണ്.


2011ല്‍ കമ്പനി അനുവദനീയമായ അളവില്‍ കൂടുതല്‍ ജലം ഉപയോഗിച്ചതായി കേന്ദ്ര ജലവിഭവ അഥോറിറ്റി കണ്െടത്തിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ നിഷേധിച്ച കമ്പനി 2012ല്‍ കേന്ദ്ര ജലവിഭവ ബോര്‍ഡ് നടത്തിയ മറ്റൊരു പഠനത്തില്‍, ജലക്ഷാമത്തിനു കാരണം കമ്പനി വെള്ളമെടുക്കുന്നതു കൊണ്ടല്ലെന്നു കണ്െടത്തിയതായി അവകാശപ്പെടുന്നു.

പ്രദേശത്തെ ഏഴ് ബ്ളോക്കുകളില്‍ സ്വാഭാവികമായ ജലക്ഷാമം നേരിടുന്നുവെന്നാണ് ബോര്‍ഡ് കണ്െടത്തിയതെന്നാണ് ഇവരുടെ വാദം. തെരഞ്ഞെടുക്കപ്പെട്ട 18 വില്ലേജ് കൌണ്‍സിലുകള്‍ കമ്പനിക്കെതിരെ രംഗത്തുവന്നതോടെ ജലചൂഷണത്തിനെതിരേ പ്രദേശവാസികള്‍ കടുത്ത സമരമുറകളിലേക്കു കടക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.