ദീപാവലി ഉച്ചവിരുന്നിലും പ്രധാനമന്ത്രിയുടെ സമീപനത്തില്‍ പ്രകടമായ മാറ്റം
ദീപാവലി ഉച്ചവിരുന്നിലും പ്രധാനമന്ത്രിയുടെ സമീപനത്തില്‍ പ്രകടമായ മാറ്റം
Sunday, November 29, 2015 11:49 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര ആസ്ഥാനത്ത് ഇന്നലെ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലും വിവേചനം ഇല്ലായ്മ, തുല്യത തുടങ്ങിയവയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും നേതാക്കളും പങ്കെടുത്ത വിപുലമായ ഉച്ചവിരുന്നില്‍ എല്‍.കെ. അഡ്വാനി, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖരുടെ അസാന്നിധ്യം ശ്രദ്ധേയമായി. വിഭവ സമൃദ്ധമായ സദ്യക്കു മുന്നോടിയായി ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് മൊബൈലിലെ സെല്‍ഫി ചിത്രങ്ങള്‍ക്കു പോസ് ചെയ്തു സൌഹൃദം പങ്കുവയ്ക്കാനും മോദി മറന്നില്ല. സെല്‍ഫികളുടെ രാജാവെന്ന് അറിയപ്പെടുന്ന മോദിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ മാധ്യമപ്പട തിരക്കുകൂട്ടിയപ്പോള്‍ ഹാളിനുള്ളില്‍ കുറേസമയം സുരക്ഷാഭടന്മാര്‍ വിയര്‍ത്തു.

ചെറിയതോതില്‍ ഉന്തും തള്ളും വരെ ഉണ്ടായെങ്കിലും അര മണിക്കൂറോളം സമയം ചെലവഴിച്ചശേഷമായിരുന്നു മോദി പോയത്. തുല്യതയും വിവേചനമില്ലായ്മയുമാണു ദീപാവലി ആഘോഷം ഓര്‍മപ്പെടുത്തുന്നതെന്നു പ്രധാനമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ആഘോഷങ്ങളും ഉത്സവങ്ങളും സമൂഹത്തിനാകെ പുതിയ ഊര്‍ജവും ഉന്മേഷവും ആഹ്ളാദവും ശക്തിയും പകരുന്നവയാണ്. വളരെയധികം ജനങ്ങള്‍ വരുന്നതു തന്നെ ശക്തി പകരുന്നതാണ്. കുംഭമേളയില്‍ ചെറിയ യൂറോപ്പ് തന്നെ കാണാനാകും. സാമൂഹ്യവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൂടി വിശകലനം ചെയ്താല്‍ വളരെയധികം കഥകളും ഇവയോടൊപ്പമുണ്െടന്നു പ്രധാനമന്ത്രി പറഞ്ഞു.


ദീപാവലിയോടനുബന്ധിച്ച് ഇത്തരമൊരു കൂടിച്ചേരല്‍ നടത്താനായിരുന്നു ആഗ്രഹം. എന്നാല്‍ തിരക്കുമൂലം കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും നടക്കുന്നതില്‍ സന്തോഷം. അല്ലെങ്കില്‍ ക്രിസ്മസ് വരെ കാത്തിരിക്കേണ്ടി വരുമായിരുന്നുവെന്ന ആമുഖത്തോടെയായിരുന്നു മോദിയുടെ ചെറിയ പ്രസംഗം. ജയ്റ്റ്ലി, ഗഡ്കരി, നായിഡു എന്നിവര്‍ക്കു പുറമേ രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി തുടങ്ങി നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.