വൈദികനെതിരായ അക്രമം ആസൂത്രിതം
Sunday, February 7, 2016 12:47 AM IST
ജിമ്മി ജോര്‍ജ്

കോയമ്പത്തൂര്‍: രാമനാഥപുരം രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കന്നുംകുഴിക്കും അല്മായപ്രതിനിധികള്‍ക്കുമെതിരേ നടന്ന അക്രമം ആസൂത്രിതവും മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരവുമായിരുന്നുവെന്ന് ആക്ഷേപം. പോലീസിന്റെ കണ്‍മുന്നില്‍വച്ചു കൊടിയ മര്‍ദനം നടന്നിട്ടും അതു തടയാന്‍ ശ്രമിക്കാതിരുന്നതും ഇപ്പോള്‍ പ്രതികളാരെന്ന് അറിയാമായിരുന്നിട്ടും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതിരിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.

പ്രതികള്‍ അക്രമം നടത്തുന്ന ചിത്രങ്ങളടക്കമുള്ള പരാതി പോലീസിനു നല്‍കിയിട്ടും നിയമപാലകര്‍ കണ്ണടയ്ക്കുകയാണ്. പേരിനു രണ്ടു പേരെ അറസ്റ് ചെയ്ത് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണു പോലീസ് അധികൃതരുടെ ശ്രമം. ഇതിനെതിരേ ശക്തവും സമാധാനപരവുമായ പ്ര ക്ഷോഭങ്ങള്‍ക്കൊരുങ്ങുകയാണു കോയമ്പത്തൂരിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍. സമൂഹം ഒന്നടങ്കം ഈ അക്രമത്തെ അപലപിച്ചിട്ടും അധികാരികള്‍ കണ്ണു തുറക്കാത്ത അവസ്ഥയാണ്. ഇതിന്റെ ഉദാഹരണമാണു യഥാര്‍ഥ പ്രതികളെ അറസ്റ് ചെയ്യാത്തത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഏതു മതത്തില്‍ വിശ്വസിക്കാനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും ആരെയും ഭയപ്പെടാതെ സഞ്ചരിക്കാനും ഭരണഘടനാപരമായ അവകാശം ഓരോ പൌരനുമുണ്െടന്നു രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് പ്രത്യേക ഇടയലേഖനത്തില്‍ പറഞ്ഞു. അങ്ങനെയുള്ള രാജ്യത്താണു പരസഹായം പോലും ലഭിക്കാതെ ഒരുകൂട്ടം നിരപരാധികളെ ചില അക്രമികള്‍ ക്രൂരമായി മര്‍ദിച്ചത്. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് ഇത്തരമൊരു അക്രമം നടത്താനാവില്ല. ഈ അക്രമികള്‍ ശിക്ഷിക്കപ്പെട്ടേ പറ്റൂ. മേലില്‍ മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ ഗോത്രത്തിന്റെയോ പേരില്‍ വേര്‍തിരിവുകളോ അക്രമങ്ങളോ പാടില്ല. ഇതിന്റെ ഭാഗമായി മാത്രമാണ് ഇന്നത്തെ പ്രതിഷേധങ്ങളും സമരങ്ങളും. ഇനിയും അധികാരികള്‍ കണ്ണുതുറന്നില്ലെങ്കില്‍ മതേതര ഭാരതമെന്ന സങ്കല്‍പത്തിനുതന്നെ പോറലേ ല്‍ക്കുമെന്നും ബിഷപ് ചൂണ്ടിക്കാട്ടി. കത്തോലിക്കാ ഫ്രാന്‍സിസ്കന്‍ വൈദികരുടെ നേതൃത്വത്തില്‍ എട്ടിമടയില്‍, എച്ച്ഐവി എയ്ഡ്സ് ബാധിതര്‍ക്കായി നടത്തുന്ന അഭയകേന്ദ്രത്തെക്കുറിച്ചുണ്ടായ തെറ്റായ ആരോപണങ്ങളെക്കുറിച്ചു കെജി ചാവടി പോലീസ് സ്റേഷനില്‍ ചര്‍ച്ചയ്ക്കു പോയതായിരുന്നു ഫാ. ജോസ് കന്നുംകുഴിയും സംഘവും. മുപ്പത്തിയഞ്ചോളം വരുന്ന സംഘമാണ് ഇവര്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ തകര്‍ത്ത സംഘം കാറിലുണ്ടായിരുന്ന വൈദികനെ ബലമായി പുറത്തിറക്കാന്‍ ശ്രമിച്ചു. കാര്‍ വെട്ടിച്ചു പൊതുവഴിയിലേക്കു വരുന്നതിനിടെ രണ്ടരകിലോമീറ്ററോളം ബൈക്കുകളില്‍ പിന്തുടര്‍ന്ന് അക്രമിസംഘം കാര്‍ തടയുകയും മര്‍ദനം തുടരുകയുമായിരുന്നു. കാറിന്റെ ഡ്രൈവറും മറ്റുള്ളവരും അടുത്തുകണ്ട പോലീസ് ജീപ്പില്‍ അഭയം പ്രാപിച്ചെങ്കിലും ഇതേ പോലീസുകാര്‍ നോക്കിനില്ക്കെ പാറക്കല്ലുകളും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു അക്രമം.


ഹൈവേയില്‍നിന്നു പോലീസ് സ്റേഷനിലേക്കുള്ള രണ്ടര കിലോമീറ്ററോളം ഇവരെ മര്‍ദിച്ചു. ഫാ. ജോസിന്റെ ളോഹ വലിച്ചുകീറുകയും രക്തം വാര്‍ന്ന് അവശനായ വൈദികനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ‘ക്രിസ്തുവിനെ വിളിച്ചു കരയെടാ...’ എന്ന് അക്രമികള്‍ ആക്രോശിച്ചതായും രൂപത ഭാരവാഹികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കവും അക്രമികള്‍ തടഞ്ഞു.

മൂന്ന് ആംബുലന്‍സുകള്‍ തിരിച്ചയച്ചതിനൊടുവില്‍ പോലീസ് ജീപ്പില്‍ യാതൊരു സൌകര്യവുമില്ലാത്ത പരിക്കേറ്റവരെ സ്വകാര്യ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇവിടത്തെ ആംബുലന്‍സിലാണ് കെ.ജി. ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോയത്.

മതന്യൂനപക്ഷങ്ങളെ എന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന, വ്യാവസായിക കേന്ദ്രമായ കോയമ്പത്തൂരിന്റെ മതേതര മനസിനേറ്റ കടുത്ത ആഘാതമാണ് ഈ അക്രമമെന്നു വിവിധ മേഖലകളിലുള്ളവര്‍ വിലയിരുത്തി.

പ്രതിഷേധ പ്രാര്‍ഥനാ സമ്മേളനവും റാലിയും ഇന്ന്

കോയമ്പത്തൂര്‍: രാമനാഥപുരം രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കന്നുംകുഴിയെയും അല്മായ പ്രതിനിധികളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും എയ്ഡ്സ് ബാധിതരായവരുടെ അഭയകേന്ദ്രമായ അസീസി സ്നേഹാലയത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരേയും രാമനാഥപുരം രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളും കോയമ്പത്തൂര്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പില്‍ അംഗത്വമുള്ള എല്ലാ എപ്പിസ്ക്കോപ്പല്‍ സഭാ വിഭാഗങ്ങളും ഒന്നുചേര്‍ന്ന് ഇന്നു പ്രതിഷേധ പ്രാര്‍ഥനാ സമ്മേളനവും റാലിയും നടത്തും.

ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു ട്രിച്ചി റോഡില്‍ അല്‍വേര്‍ണിയ സ്കൂളിന്റെ മുന്‍ഭാഗത്തുനിന്നു റാലി ആരംഭിക്കും.

തുടര്‍ന്നു കത്തീഡ്രല്‍ അങ്കണത്തില്‍ പ്രാര്‍ഥനാ സമ്മേളനം നടക്കും. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സാമൂഹ്യസേവന ശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കും അര്‍ഹിക്കുന്ന നീതിയും സംരക്ഷണവും ലഭ്യമാക്കാനുള്ള അവകാശത്തിനും വേണ്ടിയാണു റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിക്കുന്നതെന്നു രാമനാഥപുരം രൂപത വികാരി ജനറാള്‍ മോണ്‍ ജോര്‍ജ് നരിക്കുഴി, പിആര്‍ഒ ഫാ. ജോണ്‍സണ്‍ വീപ്പാട്ടുപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അല്‍വേര്‍ണിയ സ്കൂളിനു മുന്നില്‍നിന്നാരംഭിക്കുന്ന റാലി ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.