ഇസ്രത് ജഹാന്‍ ലഷ്കര്‍ ഇ തൊയ്ബ ചാവേറെന്നു ഹെഡ്ലി
Friday, February 12, 2016 11:44 PM IST
മുംബൈ: 2004 ജൂണ്‍ 15 ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പത്തൊമ്പതുകാരി ഇസ്രത് ജഹാന്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ ചാവേര്‍ ആയിരുന്നെന്ന വെളിപ്പെടുത്തലുമായി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. അമേരിക്കയില്‍ തടവില്‍ക്കഴിയുന്ന ഹെഡ്ലി മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്നലെ മൊഴി നല്കവേയാണു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ഇസ്രത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനു പുതിയ മാനം കൈവന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലെ സാങ്കേതി തകരാര്‍ മൂലം ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നലെ ഹെഡ്ലിയുടെ മൊഴി എടുത്തത്.

അഹമ്മദാബാദിനു സമീപമുണ്ടായ വെടിവയ്പില്‍ ഇസ്രത് ജഹാന്‍ അടക്കം നാലു പേരാണു കൊല്ലപ്പെട്ടത്. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ ഇസ്രത്തും സംഘവും ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ ആണെന്നും, ലക്ഷ്യംവച്ചത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ആയിരുന്നെന്നുമാണ്. എന്നാല്‍, ഇസ്രത്തും സംഘവും കൊല്ലപ്പെട്ടത് അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ നേതൃത്വത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണെന്നു സിബിഐ 2013 ഓഗസ്റില്‍ നല്കിയ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇസ്രത്തിനൊപ്പം ജാവേദ് ഷെയ്ക്ക് എന്ന പ്രാണേഷ് കുമാര്‍, അംജദാലി അക്ബാലി റാണ, സീഷാന്‍ ജോഹ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

ഇസ്രത്ത് മുഴുവന്‍സമയ ലഷ്കര്‍ പ്രവര്‍ത്തകയായിരുന്നു. മുസാമില്‍ ബട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത ചാവേറായ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്നു ലഖ്വിയാണു തന്നെ അറിയിച്ചതെന്നും ഹെഡ്ലി പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് എന്താണെന്ന് ആരാഞ്ഞ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിനോടാണു ഹെഡ്ലി ഇസ്രത്തിനെക്കുറിച്ചു പറഞ്ഞത്. മൂന്നു പേരുകള്‍ നിര്‍ദേശിച്ചതില്‍നിന്ന് ഇസ്രത്തിന്റെ പേര് ഹെഡ്ലി പറയുകയായിരുന്നു. ലഷ്കറിന് പ്രത്യേക വനിതാ തീവ്രവാദ സംഘമുണ്െടന്നും അബു ഐമാന്‍ എന്ന ആളുടെ അമ്മയാണ് അതിന്റെ തലപ്പത്തുള്ളതെന്നും ഹെഡ്ലി മൊഴി നല്കി.

അഹമ്മദാബാദിലെ വിഖ്യാതമായ അക്ഷര്‍ധാം ക്ഷേത്രം ആക്രമിക്കാന്‍ ലഷ്കര്‍ പദ്ധതിയിട്ടു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പ്രതികാരമായാണ് അക്ഷര്‍ധാം ക്ഷേത്രം ആക്രമിക്കാന്‍ മുസാമില്‍ ബട്ടിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘം ലക്ഷ്യമിട്ടത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനാല്‍ ഇന്ത്യയിലെ അമ്പലങ്ങള്‍ ആക്രമിക്കപ്പെടേണ്ടതാണെന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ബട്ട് പറഞ്ഞതെന്നും ഹെഡ്ലി കോടതിയില്‍ മൊഴി നല്കി. സാജിദ് മിറിനു മുമ്പ് ഹെഡ്ലി അടക്കമുള്ള ലഷ്കര്‍ ഭീകരരുടെ സംഘത്തലവനായിരുന്നു മുസാമില്‍ ബട്ട്. അബു ദുജ്വാനയാണു ബട്ടിനെ പരിചയപ്പെടുത്തിയതെന്നും ഹെഡ്ലി പറഞ്ഞു.


ഇന്ത്യന്‍ സൈന്യത്തിനെതിരേ പോരാടാന്‍ മുസാമില്‍ ബട്ട് കാഷ്മീരില്‍ എത്തിയിരുന്നു. 2008 മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട 10 തീവ്രവാദികള്‍ക്കും പാക്കിസ്ഥാനിലെ കറാച്ചിയിലിരുന്നു നിര്‍ദേശങ്ങള്‍ നല്കിയ അബു ഖാഫയും കാഷ്മീരില്‍ ഉണ്ടായിരുന്നുവെന്ന് ഹെഡ്ലി വെളിപ്പെടുത്തി. മുംബൈ ആക്രമണത്തിനെത്തിയ 10 ആണ്‍കുട്ടികളില്‍ ഒരാള്‍ അബു ഖാഫയുടെ അനന്തരവനായിരുന്നു. മുംബൈ ആക്രമണത്തിനുശേഷം റാവല്‍പിണ്ടിയില്‍വച്ചു സാജിദ് മിറിനെ കണ്ടപ്പോള്‍ തന്നെ അഭിനന്ദിച്ചെന്നും ഹെഡ്ലി മൊഴി നല്കി.

തന്റെ ബിസിനസ് സംരംഭത്തിനായി റിസര്‍വ് ബാങ്കില്‍ അക്കൌണ്ട് ആരംഭിക്കാന്‍ അപേക്ഷ നല്കിയെങ്കിലും അതു നിരാകരിക്കപ്പെട്ടു. ഇന്ത്യയിലേക്കു പുറപ്പെടും മുമ്പു 2006 സെപ്റ്റംബറില്‍ ഐഎസ്ഐ മേജര്‍ ഇക്ബാല്‍ 25,000 അമേരിക്കന്‍ ഡോളര്‍ തനിക്കു നല്കി. ഇക്ബാല്‍ അവശ്യസമയത്ത് പണം നല്കിയിരുന്നു. സാജിദ് മിറും പണം നല്കി. ഇന്‍ഡസ് ബാങ്കിന്റെ നരിമാന്‍ ബ്രാഞ്ച് അക്കൌണ്ടിലൂടെയാണ് ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തനിക്കു ലഭിച്ചതെന്നും ഹെഡ്ലി വെളിപ്പെടുത്തി.

പാക് വംശജനായ കാനഡ സ്വദേശി തഹാവൂര്‍ റാണ അമേരിക്കയില്‍നിന്നു തനിക്ക് സാമ്പത്തികസഹായം നല്കിയിരുന്നു. തന്റെ സഹായിയായിരുന്ന തഹാവൂര്‍ റാണ മുംബൈ ആക്രമണത്തിനു മുമ്പു മുംബൈ സന്ദര്‍ശിച്ചിരുന്നെന്നും ഹെഡ്ലി മൊഴി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.