കൂടുതല്‍ വിദ്യാര്‍ഥികളെ കുടുക്കാന്‍ പോലീസ്
Sunday, February 14, 2016 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയതിന്റെ പേരില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ അറസ്റിന് പിന്നാലെയാണിത്. കനയ്യ കുമാറിനെ മൂന്നു ദിവസത്തെ പോലീസ് കസ്റഡിയില്‍ വിട്ടിരിക്കുകയാണ്. എബിവിപി പ്രവര്‍ത്തകര്‍ പരാതിക്കൊപ്പം നല്‍കിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു ഡല്‍ഹി പോലീസ് കൂടുതല്‍ വിദ്യാര്‍ഥികളെ അറസ്റു ചെയ്തത്. 20 വിദ്യാര്‍ഥികള്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ആരോപിച്ചു കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ പരിപാടിക്കിടയില്‍ ആസൂത്രിതമായി മുഴക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കനയ്യ കുമാറിന്റെയും മറ്റു വിദ്യാര്‍ഥികളുടെയും അറസ്റിനെ അനുകൂലിച്ച് എബിവിപിയും എതിര്‍ത്ത് മറ്റു വിദ്യാര്‍ഥി സംഘടനകളും രംഗത്തു വന്നതോടെ സര്‍വകലാശാലാകാമ്പസില്‍ സംഘര്‍ഷാന്തരീക്ഷം തുടരുകയാണ്. അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്നലെ വൈസ് ചാന്‍സലറെ കണ്ടിരുന്നു. സര്‍വകലാശാലയ്ക്കകത്തു ക്യാമ്പ് ചെയ്തിരിക്കുന്ന പോലീസിനെ പിന്‍വലിക്കണമെന്ന ആവശ്യവും മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

ജെഎന്‍യുവിലെ വിഷയവുമായി ബന്ധപ്പെട്ടു സിപിഐ നേതാവ് ഡി.രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാമ്പസില്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പിലാക്കാനാണ് എബിവിപിയുടെ ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നിരപരാധികള്‍ക്കെതിരേ നടപടിയെടുക്കില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിരപരാധികളായ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കുറ്റം ചെയ്തവരെ മാത്രം കണ്െടത്തി ശിക്ഷിക്കുകയാണു വേണ്ടത്. അതിനുപകരം ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ടാല്‍ കണ്ടു നില്‍ക്കാനാവില്ലെന്നു സിപിഐ നേതാവ് ഡി. രാജ പറഞ്ഞു.


എന്നാല്‍, ഇടതു നേതാക്കള്‍ പാക്കിസ്ഥാന്‍ അനുകൂലികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണു ബിജെപി വക്താവ് അനില്‍ ബലൂണി പ്രതികരിച്ചത്. ജെന്‍എന്‍യു വിദ്യാര്‍ഥികള്‍ സ്കൂള്‍ കുട്ടികളല്ലെന്നും അവരുടേത് കരുതിക്കൂട്ടിയുള്ള പ്രവൃത്തിയാണെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്.

വിദ്യാര്‍ഥികളെ അറസ്റ് ചെയ്തതിനെതിരേ പ്രതികരിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ,ഹാഫിസ് സയിദിനെപ്പോലെയാണു സംസാരിക്കുന്നതെന്നു ബിജെപി ആരോപിച്ചു. രാജ്യദ്രോഹികള്‍ക്കു രാഹുല്‍ പിന്തുണ നല്‍കുകയാണെന്നും ബിജെപി സെക്രട്ടറി ശ്രീകാന്ത് ശര്‍മ ആരോപിച്ചു. രാഹുല്‍ ഇന്നലെ സര്‍വകലാശാലയിലെത്തി വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നിരുന്നു. കാമ്പസില്‍ വിദ്യാര്‍ഥികളെ അഭിസംബോധ ചെയ്ത രാഹുല്‍ ഗാന്ധിക്കു നേരേ കരിങ്കൊടി ഉയര്‍ത്തി ബിജെപി അനുകൂല സംഘടനകള്‍ പ്രതിഷേധിച്ചു.

മോദി സര്‍ക്കാരും എബിവിപിയും ചേര്‍ന്ന് ജെഎന്‍യുവില്‍ ഭീകരത സൃഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പോലീസിനെ ഉപയോഗിച്ച് എല്ലായിടത്തും ഭീതി വിതയ്ക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പ്രതികരിച്ചു. ജെഎന്‍യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടന്നതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ബിരുദം തിരിച്ചേല്‍പ്പിക്കുമെന്ന ഭീഷണിയുമായി ഇന്നലെ പൂര്‍വ വിദ്യാര്‍ഥികളായ കുറെ വിമുക്തഭടന്മാര്‍ രംഗത്തെത്തി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണു സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചേല്‍പ്പിക്കുന്നതെന്നു വിമുക്തഭടന്മാര്‍ സര്‍വകലാശാലയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടിരുന്നു. അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത മറ്റു വിദ്യാര്‍ഥികളെ കൈമാറാന്‍ വൈസ് ചാന്‍സലറി നോടു ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.