രാഹുലും കേജരിവാളും അപലപിച്ചു
രാഹുലും കേജരിവാളും അപലപിച്ചു
Tuesday, May 3, 2016 12:14 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ദേശീയ രാഷ്ട്രീയത്തിലും ചർച്ചയാകുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളും സംഭവത്തെ അപലപിച്ചതിനു പിന്നാലെ കോൺഗ്രസും സോണിയ ഗാന്ധിയും സംഭവത്തെ അവഗണിച്ചെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.

പെരുമ്പാവൂരിലെ സംഭവം വേദനയുണ്ടാക്കുന്നതാണെന്നു രാഹുൽ ഗാന്ധി ട്വിറ്ററിലാണ് പ്രതികരിച്ചത്. കെപിസിസി അധ്യക്ഷൻ വി.എം. സുധീരനുമായി താൻ സംസാരിച്ചിരുന്നുവെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്ന് ട്വിറ്ററിലിട്ട കുറിപ്പിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആവശ്യപ്പെട്ടു.


എന്നാൽ, ദളിത് വിഷയം പറഞ്ഞ് പല സംസ്‌ഥാനങ്ങളിലും നടക്കുന്ന രാഹുൽ ഗാന്ധി പ്രതികരിക്കാൻ പോലും തയാറായില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഒരു സ്ത്രീയായിരുന്നിട്ടും കേരള സംഭവത്തിൽ സോണിയാ ഗാന്ധി മൗനം പാലിക്കുകയാണെന്നും തങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്‌ഥാനമായതിനാലാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാത്തതെന്നും ബിജെപി വക്‌താവ് മീനാക്ഷി ലേഖി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.