കൊമാഗാട്ടമാരു സംഭവം: കാനഡ മാപ്പുപറഞ്ഞത് ഇന്ത്യ സ്വാഗതം ചെയ്തു
Saturday, May 21, 2016 12:25 PM IST
ന്യൂഡൽഹി: നൂറ്റാണ്ടുമുമ്പ് ഇന്ത്യൻ ജനതയോടു കനേഡിയൻ സർക്കാർ ചെയ്ത ക്രൂരതയ്ക്കു പ്രധാനമത്രി ജസ്റ്റിൻ ട്രൂഡോ മാപ്പു പറഞ്ഞതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ഹോങ്കോങ്ങിൽനിന്നു കാനഡയിലെ വാൻകൂവറിൽ എത്തിയ ജാപ്പനീസ് ആവിക്കപ്പലായ കൊമാഗാട്ടയിലെ യാത്രികരായ ഇന്ത്യക്കാരോടു കാണിച്ച വിവേചനത്തിന്റെ പേരിലാണു ട്രൂഡോ കനേഡിയൻ പാർലമെന്റിന്റെ അധോസഭയിൽ മാപ്പു പറഞ്ഞത്. 102 വർഷം മുമ്പുള്ള ഏപ്രിൽ മാസത്തിലായിരുന്നു സംഭവം.

കപ്പലിലുണ്ടായിരുന്ന 376 യാത്രക്കാരിൽ 340 പേർ ഇന്ത്യയിൽനിന്നുള്ള സിക്കുകാരായിരുന്നു. അവർക്കുമാത്രം തുറമുഖത്ത് ഇറങ്ങാൻ അന്നത്തെ കനേഡിയൻ ഭരണകൂടം അനുമതി നല്കിയില്ല. വാൻകൂവറിലേക്കു എത്തിയ അതേ കപ്പലിൽ അവരെ തിരിച്ചയയ്ക്കുകയായിരുന്നു.


സംഭവത്തിൽ കനേഡിയൻ സർക്കാർ മാപ്പു പറയണമെന്നു കാനഡയിലെ സിക്ക് സമൂഹം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കാനഡയിലെ മന്ത്രിസഭയിലും സിക്ക് വംശജർക്കു പ്രാതിനിധ്യം ഉണ്ട്. കാനഡയുടെ വളർച്ചയ്ക്ക് അവിടെ ഇപ്പോഴുള്ള ഇന്ത്യൻ വംശജർ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളർത്തുന്നതിൽ അവരുടെ പങ്ക് ശ്രദ്ധേയമാണെന്നും വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.