സ്വദേശി ഷട്ടിൽ പരീക്ഷണം നാളെ
സ്വദേശി ഷട്ടിൽ പരീക്ഷണം നാളെ
Saturday, May 21, 2016 12:36 PM IST
ചെന്നൈ: ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ പുതിയ കുതിപ്പിന് ഒരുങ്ങുന്നു. വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനങ്ങൾ (അമേരിക്കയുടെ സ്പേസ് ഷട്ടിൽ പോലെ) വികസിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) നാളെ സ്വദേശി ഷട്ടിലിന്റെ ഒന്നാമത്തെ പരീക്ഷണപ്പറക്കൽ നടത്തും.

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ – ടെക്നോളജി ഡെമോൺസ്ട്രേഷൻ (ആർഎൽവി–ടിഡി) എന്ന ഈ പരീക്ഷണം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിലാണു നടത്തുക. കാലാവസ്‌ഥ അനുകൂലമായാൽ തിങ്കൾ രാവിലെ 9.30–നു പരീക്ഷണപ്പറക്കൽ നടത്തും. 20 മിനിറ്റിൽ പരീക്ഷണം പൂർത്തിയാകും.

വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനം ബഹിരാകാശത്തു പോയി തിരികെ മുൻകൂട്ടി നിശ്ചയിച്ച സ്‌ഥലത്തു വിമാനംപോലെ ഇറങ്ങുന്നതിലേക്കാണ് പരീക്ഷണം ലക്ഷ്യമിടുന്നത്. ഇതു പൂർണതോതിലാകാൻ എട്ടുപത്തുവർഷം വേണ്ടിവരും. സാങ്കേതികവിദ്യ പൂർണമായും സ്വദേശത്തു വികസിപ്പിക്കുന്നതു മൂലമാണ് ഈ കാലദൈർഘ്യം.

നാളെ 17 മീറ്റർ ഉയരമുള്ള ഒരു വിക്ഷേപണവാഹന – ഷട്ടിൽ സംയുക്‌തപരീക്ഷണമാണു നടക്കുന്നത്. 10.5 മീറ്റർ ഭാഗം 1980 കളിൽ ഉപയോഗിച്ചിരുന്ന എസ്എൽവി റോക്കറ്റാണ്. ഇത് എരിഞ്ഞുതീരും. 6.5 മീറ്റർ ഉള്ള രണ്ടാം ഘട്ടം ചിറകുള്ള ഒന്നാണ്. വിക്ഷേപണം കഴിഞ്ഞ് 70 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഈ വാഹനം വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെടും. ഒന്നേമുക്കാൽ ടൺ ഭാരമുണ്ട് ഇതിന്.ഇതു തിരുവനന്തപുരം വിഎസ്എസ്സിയിൽ രൂപകല്പന ചെയ്ത് നിർമിച്ചതാണ്. ശബ്ദത്തിന്റെ അനേകമടങ്ങ് വേഗത്തിൽ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴുണ്ടാകുന്ന ഉയർന്ന ചൂട് മറികടക്കാൻതക്കവിധമാണ് ഇതിന്റെ നിർമാണം. സിലിക്ക ടൈലുകളാണ് പുറത്ത് ഒട്ടിച്ചിരിക്കുന്നത്. 7000 ഡിഗ്രി സെൽഷ്യസിൽവരെ പിടിച്ചുനിൽക്കുന്നവയാണ് ഈ ടൈലുകൾ.


വിക്ഷേപണവാഹനത്തിൽനിന്നു വേർപെടുന്ന ഭാഗം ബഹിരാകാശത്തു പ്രവേശിച്ചിട്ടു തിരികെ ഭൗമാന്തരീക്ഷത്തിലെത്തിയിട്ടു വേഗം ക്രമമായി താഴ്ത്തി ബംഗാൾ ഉൾക്കടലിൽ ഇറങ്ങും. പത്തുമിനിറ്റാണ് ഈ യാത്രയ്ക്കെടുക്കുക.

നാളെ പറക്കുന്നതു സ്വന്തമായി ഇന്ധനമോ മോട്ടോറോ ഇല്ലാത്ത ഡമ്മിയാണ്. ശബ്ദത്തിന്റെ 25 ഇരട്ടിവരെ എത്തും ഇതിന്റെ വേഗത. അതുകൊണ്ടുതന്നെ ഹൈപ്പർസോണിക് എക്സ്പെരിമെന്റ് വൺ (എച്ച്ഇഎക്സ് 1) എന്നാണു ദൗത്യത്തിനു പേരു നൽകിയത്.

ഇപ്പോൾ ഷട്ടിൽ ഉപയോഗിച്ചുള്ള വിക്ഷേപണച്ചെലവ് ഒരുകിലോഗ്രാമിന് 5000 ഡോളർ (3.35 ലക്ഷം രൂപ) ആണ്്. ഇന്ത്യൻ ദൗത്യം വിജയിക്കുമ്പോൾ ചെലവ് 2000 ഡോളർ (1,34,000 രൂപ) ആയി കുറയും. ഭാവിയിൽ വിക്ഷേപണത്തിന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചാൽ ചെലവ് വീണ്ടും കുറയും. നാളത്തെ പരീക്ഷണത്തിന് 95 കോടിരൂപയാണ് ചെലവ്. മൂന്നുവർഷം മുൻപ് അനുവദിച്ചതാണ് പരീക്ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.