സിപിഎം–ബിജെപി പോര് ഡൽഹിയിൽ
Saturday, May 21, 2016 1:38 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: കേരളത്തിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ കടുത്ത പ്രതിഷേധവുമായി ബിജെപി. അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചു ബിജെപി ഇന്ന് സിപിഎം കേന്ദ്ര ആസ്‌ഥാനമായ എകെജി ഭവനിലേക്കു മാർച്ച് നടത്തും. അതിനിടെ, സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന താക്കീതുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. സിപിഎം അക്രമങ്ങളെ തടുക്കാൻ ബിജെപി കേന്ദ്ര നേതൃത്വം വേണ്ടതെല്ലാം ചെയ്യുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും മുന്നറിയിപ്പു നൽകി.

സിപിഎം അക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാർലമെന്റിലും തെരുവിലും നേരിടുമെന്നാണു രവിശങ്കർ പ്രസാദ് മുന്നറിയിപ്പു നൽകിയത്. കേരളത്തിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ഇന്നലെ പാർട്ടി ആസ്‌ഥാനത്തു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ മുന്നറിയിപ്പ്.

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്നു സിപിഎം മറക്കരുത്. ഇന്ത്യയും പതിന്നാലു സംസ്‌ഥാനങ്ങളും ബിജെപിയാണു ഭരിക്കുന്നതെന്നു സിപിഎം ഓർമിക്കണം. അക്രമങ്ങളെ ഗൗരവമായാണു കാണുന്നത്. 55 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കുറ്റക്കാരായവർക്കെതിരേ ഉടൻ നടപടിയെടുക്കണം. സിപിഎം അക്രമങ്ങളെ ചെറുക്കാൻ ബിജെപി സംസ്‌ഥാന ഘടകത്തിനു കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണയും രവിശങ്കർ പ്രസാദ് വാഗ്ദാനം ചെയ്തു.


ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അപലപിച്ചു. കഴിഞ്ഞദിവസം മാത്രം അധികാരത്തിൽ വന്ന ഇടതുമുന്നണി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ജനവിധി മാനിക്കുന്നില്ലെന്നുമാണ് അമിത്ഷാ ട്വിറ്ററിൽ വ്യക്‌തമാക്കിയത്.

കേരളത്തിലെ അക്രമസംഭവങ്ങളെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര സമിതിക്കു രൂപം നൽകിയതായും അമിത്ഷാ വ്യക്‌തമാക്കി. ബിജെപി കേന്ദ്ര സമിതി കേരളം സന്ദർശിച്ചു കാര്യങ്ങൾ വിശദമായി വിലയിരുത്തും. ജനവിധി തേടി രണ്ടാം ദിവസം തന്നെ അക്രമം അഴിച്ചുവിടുന്ന ഇടതുമുന്നണിയുടെ സമീപനം ജനാധിപത്യ വിരുദ്ധമാണ്. കൊടുങ്ങല്ലൂരിൽ എൽഡിഎഫിന്റെ ആഹ്ളാ പ്രകടനത്തിനിടെ ഉണ്ടായ അക്രമത്തിൽ ബിജെപി പ്രവർത്തകനായ പ്രമോദ് കൊല്ലപ്പെട്ട സംഭവം ഗൗരവത്തോടെയാണു കാണുന്നത്.– ബിജെപി നേതാക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.