ഇന്ത്യയുടെ ആദ്യ സ്പേസ് ഷട്ടിൽ വിക്ഷേപണം വിജയകരം
ഇന്ത്യയുടെ ആദ്യ സ്പേസ് ഷട്ടിൽ വിക്ഷേപണം വിജയകരം
Monday, May 23, 2016 1:01 PM IST
ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിർമിച്ച സ്പേസ് ഷട്ടിലിന്റെ ആദ്യ വിക്ഷേപണം വിജയകരം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) വിക്ഷേപിച്ചത്.

ഇന്നലെ രാവിലെ ഏഴു മണിക്കായിരുന്നു വിക്ഷേപണം. പത്തു മിനിറ്റായിരുന്നു പരീക്ഷണപ്പറക്കൽ സമയം. ബംഗാൾ ഉൾക്കടലിൽ തീരത്തുനിന്ന് 500 കിലോമീറ്റർ അകലെ സ്പേസ് ഷട്ടിൽ തിരിച്ചിറക്കിയാണു പരീക്ഷണം വിജയിപ്പിച്ചത്.

വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർഎൽവി പരീക്ഷണം. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം തിരികെ ഭൂമിയിൽ എത്താൻ ശേഷിയുള്ളതാണ് ഈ സ്പേസ് ഷട്ടിൽ. 6.5 മീറ്റർ നീളവും 1.75 ടൺ ഭാരവുമുള്ള വാഹനമാണ് ഇന്നലെ വിക്ഷേപിച്ചത്. സ്‌ഥിര ഉപയോഗത്തിനുള്ള സ്പേസ് ഷട്ടിൽ വികസിപ്പിക്കുന്നതിന് 10 മുതൽ 15 വരെ വർഷം വേണ്ടിവരും. സാങ്കേതികവിദ്യ പൂർണമായും സ്വദേശത്ത് വികസിപ്പിക്കുന്നതുകൊണ്ടാണ് ഈ കാലദൈർഘ്യമെന്ന് എഎസ്ആർഒ അറിയിച്ചു.


രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ആർഎൽവിയുടെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്‌ഞരെ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണു മോദി അഭിനന്ദനം അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.