സ്വാമിയെ വെട്ടി നരേന്ദ്ര മോദി
സ്വാമിയെ വെട്ടി നരേന്ദ്ര മോദി
Monday, June 27, 2016 12:51 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ വിമർശിച്ച ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുടെ നടപടി അനുചിതവും ജനശ്രദ്ധയ്ക്കു വേണ്ടിയുള്ളതുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും പാർട്ടിക്ക് അതീതരല്ലെന്നും അതിർവരമ്പുകൾ ലംഘിക്കരുതെന്നും മോദി മുന്നറിയിപ്പു നൽകി. രഘുറാം രാജന്റെ രാജ്യസ്നേഹത്തിനു കുറവില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനിടെ, ചൈനാ സന്ദർശനം ഒരു ദിവസം വെട്ടിച്ചുരുക്കി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇന്നലെ ഡൽഹിയിൽ മടങ്ങിയെത്തി.

മന്ത്രി ജയ്റ്റ്ലിയെ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഗവർണർക്കും സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യനും സാമ്പത്തികകാര്യ സെക്രട്ടറി ശക്‌തികാന്ത ദാസിനുമെതിരേ സുബ്രഹ്മണ്യൻ സ്വാമി തുടർച്ചയായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണു പ്രധാനമന്ത്രി മൗനം ഭേദിച്ചു സ്വാമിക്ക് മുന്നറിയിപ്പു നൽകിയത്.

സ്വാമിയുടെ ആരോപണങ്ങൾ ശരിയല്ലെന്നും പാർട്ടിക്കു ബന്ധമില്ലെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായും ധനമന്ത്രി ജയ്റ്റ്ലിയും നേരത്തേ വ്യക്‌തമാക്കിയിരുന്നു. പിന്നീടും ആരോപണങ്ങൾ സ്വാമി തുടരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പരസ്യവിമർശനം ഉണ്ടായത്.

വ്യക്‌തിപരമായ ആക്രമണങ്ങൾ ശരിയല്ലെന്നും ഉത്തരവാദിത്വത്തോടെ വേണം കാര്യങ്ങൾ പറയാനെന്നും ഒരു ഇംഗ്ലീഷ് വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. തന്റെ ഭാഗത്തുനിന്നായാൽപോലും ഇത്തരം ആരോപണങ്ങൾ അനുചിതമാണ്. ആരെങ്കിലും അവർ വ്യവസ്‌ഥിതിക്കു മുകളിലാണെന്നു കരുതിയാൽ അതു തെറ്റാണ്. പബ്ലിസിറ്റിയോടുള്ള ഈ കൊതി രാജ്യത്തിന് ഒരു ഗുണവും ചെയ്യില്ല– സ്വാമിയുടെ പേരെടുത്തു പറയാതെ മോദി ചൂണ്ടിക്കാട്ടി.


റിസർവ് ബാങ്ക് ഗവർണർ രഘുറാമിനെ പ്രശംസിക്കാനും പ്രധാനമന്ത്രി മടിച്ചില്ല. രഘുറാമുമായുള്ള തന്റെ അനുഭവങ്ങൾ നല്ലതാണ്. അദ്ദേഹത്തെ താൻതന്നെ പ്രശംസിച്ചിട്ടുണ്ട്. രാജ്യസ്നേഹിയാണ് അദ്ദേഹം. രഘുറാം രാജ്യസ്നേഹത്തിൽ മറ്റാരുടെയും പിന്നിലല്ല. എവിടെയാണെങ്കിലും ഇന്ത്യക്കായി അദ്ദേഹം ജോലികൾ ചെയ്യും. റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി രഘുറാം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

റിസർവ് ബാങ്ക് ഗവർണർ പദവിയിൽ കാലാവധി പൂർത്തിയാക്കിയാൽ അടുത്ത ടേമിനു ശ്രമിക്കില്ലെന്നും അധ്യാപനത്തിലേക്കു മടങ്ങുകയാണെന്നും റഘുറാം രാജൻ പറഞ്ഞിരുന്നു. രഘുറാം രാജൻ ഇന്ത്യക്കു ദോഷമാണെന്നും അദ്ദേഹത്തിന്റെ മാനസികാവസ്‌ഥ പൂർണമായും ഇന്ത്യക്കാരന്റേതല്ലെന്നും വരെ സ്വാമി ആക്ഷേപിച്ചിരുന്നു. രഘുറാമിനെ പദവിയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.