കേന്ദ്രശമ്പളം സ്വകാര്യ മേഖലയിലേതിനേക്കാൾ കൂടുതലാകും: ജയ്റ്റ്ലി
കേന്ദ്രശമ്പളം സ്വകാര്യ മേഖലയിലേതിനേക്കാൾ കൂടുതലാകും: ജയ്റ്റ്ലി
Wednesday, June 29, 2016 12:38 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: ഏഴാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളത്തേക്കാൾ സവിശേഷമായ രീതിയിൽ ഉയർന്നതാകും കേന്ദ്രസർക്കാരിലെ ശമ്പളമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. പുതുക്കിയ ശമ്പളത്തിന്റെ കഴിഞ്ഞ ജനുവരി മുതലുള്ള കുടിശിഖ ഈ വർഷം തന്നെ കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ ശമ്പളക്കാര്യത്തിൽ ആരും പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നു മന്ത്രി പറഞ്ഞു.

അഞ്ചും ആറും ശമ്പളക്കമ്മീഷനുകളോടെ തന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളം സ്വകാര്യമേഖലയുടെ അടുത്തെത്തിയിരുന്നു. സ്വകാര്യ മേഖലയിലെ ശമ്പളവും കൂടിവരുന്ന ജീവിതച്ചെലവും കണക്കിലെടുത്തതിനാലാണിത്. ഏഴാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് നടപ്പിലായതോടെ വിവിധ തലങ്ങളിൽ സ്വകാര്യ മേഖലയേക്കാളും മെച്ചപ്പെട്ട ശമ്പളമാണു സർക്കാർ നൽകുന്നത്. വളരെ ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാരനു സ്വകാര്യ മേഖല 8000 മുതൽ 9000 രൂപ വരെ ശരാശരി നൽകുമ്പോൾ ഇതേ നിലയിലുള്ള സർക്കാർ ജീവനക്കാരന്റെ ശമ്പളം 18,000 രൂപയായാണ് ഉയർത്തിയത്. സ്വകാര്യ മേഖലയേക്കാൾ ഇരട്ടിയാണിത്– ധനമന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിലെയും സ്വകാര്യ മേഖലയിലെയും ശമ്പളം താരതമ്യം ചെയ്തു പഠിക്കുന്നതിനായി ഏഴാം ശമ്പളക്കമ്മീഷൻ അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാരിലാണു ഇപ്പോൾ പൊതുവേ ശമ്പളം കൂടുതലെന്നാണ് ഇതു സംബന്ധിച്ച എല്ലാക്കാര്യങ്ങളും വിശദമായി പരിശോധിച്ച ഐഐഎം അഹമ്മദാബാദിന്റെ പഠന റിപ്പോർട്ട്. പുതിയ ശമ്പള വർധനവോടെ വളരെ മാന്യമായ ശമ്പളമാണ് കേന്ദ്രസർക്കാരിലേതെന്നും ജയ്റ്റ്ലി പറഞ്ഞു.

ഇനിമുതൽ കേന്ദ്രസർക്കാരിൽ കുറഞ്ഞ ശമ്പളം 18,000 രൂപയാണ്. ഏറ്റവും താഴെത്തട്ടിൽ ഒരാൾ കേന്ദ്രസർവീസിൽ ജോലിയിൽ കയറുമ്പോഴുള്ള ശമ്പളമാണിത്. ക്ലാസ് 1 തസ്തികയിൽ പ്രവേശനം ലഭിക്കുന്നയാളുടെ അടിസ്‌ഥാന ശമ്പളം 56,100 ആയിരിക്കും. ഗ്രാറ്റിവിറ്റി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തി. ജീവനക്കാർക്ക് ഭവന നിർമാണത്തിനു നൽകിവരുന്ന മുൻകൂർ വായ്പാ സഹായം 7.50 ലക്ഷം രൂപയിൽ നിന്നും 25 ലക്ഷമായി ഉയർത്തി. പലിശ രഹിത ചികിത്സാ സഹായം, വിനോദ യാത്രകൾക്കുള്ള യാത്രാ ബത്ത, എൽടിസി എന്നിവയെല്ലാം തുടരും. കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.


ശമ്പളം, പെൻഷൻ, കുടിശിഖ എന്നീയിനങ്ങളിൽ അഞ്ചാം ശമ്പളക്കമ്മീഷൻ നടപ്പിലാക്കിയപ്പോൾ പ്രതിവർഷം 17,000 കോടിയും ആറാം ശമ്പളക്കമ്മീഷന് 40,000 കോടിയുമായിരുന്നു സർക്കാരിന്റെ അധികബാധ്യത. എന്നാൽ, ഏഴാം ശമ്പളക്കമ്മീഷൻ നടപ്പിലാകുമ്പോൾ മൊത്തം 1,02,100 കോടി രൂപയുടെ അധികബാധ്യതയാണ് വരുന്നത്. ശമ്പളക്കുടിശിഖ ഇനത്തിൽ 12,000 കോടി രൂപ വെറെയും ചെലവുണ്ട്. ശമ്പളത്തിനും പെൻഷനുമായി വർഷം തോറും ഇപ്പോൾ 72,800 കോടി രൂപയാണ് ആവർത്തനച്ചെലവ്. കുടിശിഖ നൽകാനായി ഒരു വർഷം 84,933 കോടി രൂപയും ചെലവാകുമെന്നു ധനമന്ത്രി വിശദീകരിച്ചു.

<ആ>പെൻഷൻ പരിമിതപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ദേശീയ പെൻഷൻ സംവിധാനം (എൻ.പി.എസ്) പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതേക്കുറിച്ചു പരിശോധിക്കാൻ ധനകാര്യ സെക്രട്ടറി അധ്യക്ഷനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള 196 ബത്തകളിൽ 51 എണ്ണം നിർത്തലാക്കാൻ ഏഴാം ശമ്പള കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇതേക്കുറിച്ചു പരിശോധിക്കാനായി സെക്രട്ടറി തല സമിതിയെ ചുമതലപ്പെടുത്തി. നാലു മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി സമിതി റിപ്പോർട്ട് നൽകും. അതുവരെ മാത്രമേ നിലവിലുള്ള ബത്തകൾ തുടരുകയുള്ളൂവെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.