ഉത്തരാഖണ്ഡ്: കോൺഗ്രസ് വിമതരുടെ അപേക്ഷ തള്ളി
Wednesday, July 20, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭയിൽ നിന്നു അയോഗ്യരാക്കിയതു സ്റ്റേ ചെയ്യണമെന്ന വിമത കോൺഗ്രസ് എംഎൽഎമാരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു ജസ്റ്റീസുമാരായ ദീപക് മിശ്ര, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സർക്കാരിനെ വീഴ്ത്തുന്നതിനായി മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിൽ നടത്തിയ വിമതനീക്കത്തിനിടെയാണ് 14 എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തത്.

ഇതിനെതിരേ നൽകിയ ഹർജി പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി, സ്പീക്കർ ഗോവിന്ദ് സിംഗ് കുഞ്ജ്വാളിന്റെ നടപടി ശരിവച്ചിരുന്നു. ഇതേത്തുടർന്ന് ഒൻപത് എംഎൽഎമാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇന്നു നിയമസഭാ സമ്മേളനം തുടങ്ങുകയാണെന്നും അതിനാൽ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യണമെന്നുമായിരുന്നു എംഎൽഎമാരുടെ ആവശ്യം. ബിജെപിയുമായി ചേർന്ന് വിമത കോൺഗ്രസ് എംഎൽഎമാർ നടത്തിയ നീക്കത്തിനിടെ കേന്ദ്ര സർക്കാർ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.