രാഹുലിന്റെ ഉറക്കം കണ്ട കാമറ മന്ത്രി ഉറങ്ങിയതു കണ്ടില്ല!
രാഹുലിന്റെ ഉറക്കം കണ്ട കാമറ മന്ത്രി ഉറങ്ങിയതു കണ്ടില്ല!
Wednesday, July 20, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ അതിരൂക്ഷമായ ഭരണ, പ്രതിപക്ഷ വാക്പോര് നടക്കുന്നതിനിടെ രാഹുൽ ഗാന്ധി ഉറങ്ങിപ്പോയി. ഗുജറാത്തിലെ ദളിത് ആക്രമണ വിഷയങ്ങളിൽ ബിജെപിയും കോൺഗ്രസും പരസ്പരം പോരടിക്കുന്ന ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് രാഹുൽ ഗാന്ധി തലയിൽ കൈവച്ചു കണ്ണടച്ചു മയങ്ങിയത്. രാഹുൽ ഉറങ്ങുന്ന വീഡിയോ ദൃശ്യം ടിവി ചാനലുകളിൽ വന്നതോടെ ഇതു വലിയ ചർച്ചയായി.

എന്നാൽ, ചൂടേറിയ ചർച്ച നടക്കുന്ന ഇതേസമയം തന്നെ ഭരണപക്ഷത്തിരുന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധനും ഗാഢ നിദ്രയിലായിരുന്നു. മന്ത്രിയുടെ ഉറക്കം കാമറയിൽ പെടാതിരുന്നതു കൊണ്ട് അതു വലിയ സംഭവം ആയതുമില്ല. ഗുജറാത്ത് വിഷയത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മറുപടി പറയുന്നതിനിടെ തൊട്ടു പിന്നിലിരുന്ന ഹർഷ വർധൻ പലതവണ ഉറക്കം തൂങ്ങി മുന്നോട്ടാഞ്ഞു പോകുന്നുണ്ടായിരുന്നു. ഹർഷ വർധന്റെ ഉറക്കം കാണാതിരുന്ന കോൺഗ്രസ് അംഗങ്ങൾക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനുമായില്ല.

എന്നാൽ, രാഹുൽ ഗാന്ധി ഉറങ്ങുകയായിരുന്നില്ലെന്നും കണ്ണടച്ച് ആലോചിച്ചിരിക്കുകയായിരുന്നുവെന്ന കോൺഗ്രസിന്റെ വിശദീകരണമാണ് രാഹുലിന്റെ ഉറക്കത്തെ ഏറെ വിവാദത്തിലാക്കിയത്. രാഹുൽ ഉറങ്ങുന്ന ദൃശ്യം സോഷ്യൽ മീഡിയകളിലും വൻ പ്രചാരവും വിമർശനവും ഏറ്റുവാങ്ങി. സുപ്രധാന വിഷയത്തിൽ ചർച്ച നടക്കുമ്പോൾ കോൺഗ്രസ് ഉപാധ്യക്ഷൻ ഉറങ്ങുകയായിരുന്നെന്നും ദളിതരോടുള്ള കോൺഗ്രസിന്റെ സമീപനമാണ് ഇതു വ്യക്‌തമാക്കുന്നതെന്നും ബിജെപി ആരോപിച്ചു.


എന്നാൽ, ഇതിനു മറുപടിയായി വിശദീകരണം നൽകി എത്തിയത് ഇതൊന്നും കാണാതിരുന്ന രാജ്യസഭ എംപി രേണുക ചൗധരിയായിരുന്നു എന്നതാണ് ഏറെ രസകരം.

സഭയിൽ ഇത്രയും ബഹളം നടക്കുമ്പോൾ ഒരാൾക്കും ഉറങ്ങാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കണ്ണുകൾക്കു വിശ്രമം നൽകുകയായിരുന്നു എന്നുമാണ് രേണുക വിശദീകരിച്ചത്. പുറത്ത് കൊടുംചൂടായതു കൊണ്ട് പാർലമെന്റിനകത്തെ തണുപ്പിൽ എല്ലാവരും കണ്ണടച്ചിരിക്കുന്നതു പതിവാണെന്നു കൂടി രേണുക പറഞ്ഞു.

അതിനിടെ, തലയ്ക്കു കൈകൊടുത്തു കണ്ണടച്ചിരിക്കുന്ന രാഹുൽ ഗാന്ധി മൊബൈൽ ഫോണിൽ നോക്കുകയായിരുന്നവെന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിയുടെ വിശദീകരണം കൂടുതൽ കുഴപ്പമാണുണ്ടാക്കിയത്. ഇതും സോഷ്യൽ മീഡിയകളിൽ കണക്കറ്റ പരിഹാസം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം പാർലമെന്റിൽ വിലക്കയറ്റത്തെക്കുറിച്ചു ചർച്ച നടക്കുമ്പോഴും രാഹുൽ ഉറങ്ങിയതു വാർത്തയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.