കോൺഗ്രസ് നേതൃമാറ്റം കൂടുതൽ സങ്കീർണം
കോൺഗ്രസ് നേതൃമാറ്റം കൂടുതൽ സങ്കീർണം
Wednesday, July 20, 2016 12:49 PM IST
പ്രത്യേക ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃമാറ്റം വേണമെന്ന ആവശ്യം സങ്കീർണമായി. എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കേരളത്തിലെ കോൺഗ്രസ് എംപിമാർ ഇന്നലെ നടത്തിയ ചർച്ചയിൽ പുനഃസംഘടന വേണമെന്ന് എല്ലാവരും തന്നെ ആവശ്യപ്പെട്ടെങ്കിലും വി.എം. സുധീരനു പകരക്കാരനെ നിർദേശിക്കാനോ പുനഃസംഘടനയ്ക്കുള്ള വ്യക്‌തമായ നിർദേശങ്ങൾ സമർപ്പിക്കാനോ കഴിഞ്ഞില്ല. യുഡിഎഫിൽ രൂക്ഷമാകുന്ന പ്രതിസന്ധിയും ചർച്ചയിലെത്തിയെങ്കിലും വ്യക്‌തമായ പരിഹാരമോ നിർദേശങ്ങളോ ഉണ്ടായില്ല.

കെപിസിസി അധ്യക്ഷ സ്‌ഥാനത്തുനിന്നു സുധീരനെ മാറ്റണമെന്ന ആവശ്യം പലരും നേരിട്ടും പരോക്ഷമായും ചർച്ചയിൽ ഉന്നയിച്ചു. എന്നാൽ, പൊതുസ്വീകാര്യനും ജനകീയനും കഴിവുള്ളവനുമായ പകരം പ്രസിഡന്റിനെ ഏകകണ്ഠമായി നിർദേശിക്കാനാകാത്തതാണ് എ,ഐ വിഭാഗക്കാർ അടക്കമുള്ളവർക്കു കീറാമുട്ടിയാകുന്നത്. കേരളത്തിലെ പാർട്ടിയെ പുനരുജ്‌ജീവിപ്പിക്കാൻ കഴിയുന്ന നടപടികൾ ഹൈക്കമാൻഡ് വൈകാതെ സ്വീകരിക്കണമെന്ന കാര്യത്തിൽ മാത്രമായിരുന്നു സമ്പൂർണ യോജിപ്പ്. കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നും ഇക്കാര്യത്തിൽ നിർദേശങ്ങൾ എഴുതി നൽകാനും രാഹുൽ എംപിമാരോട് ആവശ്യപ്പെട്ടു.

മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വയലാർ രവി എന്നിവരും പാർലമെന്റിൽ തിരക്കിലായിരുന്ന രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യനും ഇന്നലെ രാഹുലുമായി എംപിമാർ നടത്തിയ ചർച്ചയ്ക്കെത്തിയില്ല. കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, ശശി തരൂർ, എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, ആന്റോ ആന്റണി എന്നിവരാണ് ഇന്നലെ രാഹുലുമായി കൂട്ടായും ഒറ്റയ്ക്കൊറ്റയ്ക്കും ചർച്ച നടത്തിയത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, സുധീരൻ എന്നിവരടക്കം നൂറിലേറെ നേതാക്കൾ നേരത്തേ ഡൽഹിയിലെത്തി രാഹുലുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച.

കേരളത്തിൽ കോൺഗ്രസിന്റെ ശക്‌തമായ തിരിച്ചുവരവിനു പുനഃസംഘടന വേണമെന്ന കാര്യത്തിൽ കേരള നേതാക്കൾ പൊതുവേ യോജിപ്പിലാണ്. എന്നാൽ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന സുധീരൻ വിരുദ്ധ വിഭാഗങ്ങളുടെ ഉറച്ച ആവശ്യത്തിലും പകരം ആരെന്നതിലും പൊതുധാരണയില്ല. കെപിസിസി, ഡിസിസി തലം മുതൽ ഉടൻ അഴിച്ചുപണി വേണമെന്നും യുവാക്കൾക്കും വനിതകൾക്കും കാര്യമായ പ്രാതിനിധ്യം വേണമെന്നുമുള്ള ഹൈക്കമാൻഡിന്റെ നിലപാടിനോടും കാര്യമായ എതിർപ്പില്ല. സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിലും തീരുമാനമില്ല.


ഇതേസമയം, കെപിസിസി പ്രസിഡന്റ് സ്‌ഥാനത്തേക്കു നിരവധി നേതാക്കൾ കണ്ണുവയ്ക്കുകയാണ്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല ഉള്ളതിനാൽ അദ്ദേഹത്തിന്റെ സമുദായംഗങ്ങളായ നേതാക്കൾക്കു കാര്യമായ സാധ്യതയില്ല.

എംപിമാരിൽ തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ് എന്നിവർ പിസിസി അധ്യക്ഷ സ്‌ഥാനത്തേക്കു പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ ഇവരിലാരെയും പരസ്യമായി ഇനിയും പിന്തുണച്ചിട്ടില്ല.

തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം സുധീരനു മാത്രമല്ലെന്നും സുധീരനെ മാറ്റുന്നതു തെറ്റായ സന്ദേശം നൽകുമോയെന്നതു ചിന്തിക്കാതെ പറ്റില്ലെന്നുമുള്ള അഭിപ്രായത്തിലാണു രാഹുൽ ക്യാമ്പും ആന്റണിയുമെന്നു സൂചനകളുണ്ട്. ഇന്നലെ എംപിമാരുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഇക്കാര്യം ആവർത്തിച്ചു. സുധീരൻ മാറാതെ സംസ്‌ഥാനത്തു അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വിജയം ആവർത്തിക്കാനാകില്ലെന്ന വാദം എംപിമാർ ആവർത്തിച്ചെങ്കിലും പകരക്കാരന്റെ കാര്യത്തിൽ സമവായമില്ല.

എട്ടു ലോക്സഭാ എംപിമാർ ആദ്യം ഒരുമിച്ചും പിന്നീട് ഒറ്റയ്ക്കൊറ്റയ്ക്കും അവസാനം വീണ്ടും ഒരുമിച്ചുമാണു രാഹുലുമായി ചർച്ച നടത്തിയത്. യുവാക്കൾക്കു സ്‌ഥാനങ്ങൾ നൽകാതെ കോൺഗ്രസിനു ഭാവിയില്ലെന്നു പറഞ്ഞു യുവനേതാക്കളും ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.