ഫാ. ടോമിന്റെ മോചനത്തിനു ശ്രമം തുടരുന്നു: സുഷമ
ഫാ. ടോമിന്റെ മോചനത്തിനു ശ്രമം തുടരുന്നു: സുഷമ
Wednesday, July 20, 2016 12:57 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സുഹൃദ് രാജ്യങ്ങളുടെ മധ്യസ്‌ഥശ്രമമടക്കം സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്നും ഇതിനായി പ്രധാനമന്ത്രി ലോകനേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ ഉറപ്പു നൽകി.

ഫാ. ടോമിന്റെ മോചനം എത്രയും വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ജോസ് കെ. മാണി ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് ഈ ഉറപ്പ്.

ഫാ. ടോമിന്റേതായി പുറത്തുവന്ന വീഡിയോ യഥാർഥമാണോയെന്നു പരിശോധിച്ചുവരികയാണെന്നും സർക്കാരിന്റെ നടപടികൾ ഫലവത്താകാൻ കുറച്ചു സമയം കൂടി കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.വി. തോമസ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, പി. കരുണാകരൻ, കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, ജോയ്സ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിന്നീടു കേരള എംപിമാർ മന്ത്രി സുഷമയെ കണ്ടു ഫാ. ടോമിന്റെ മോചനം വൈകരുതെന്ന് ആവശ്യപ്പെട്ടു നിവേദനവും നൽകി.

അവശനിലയിലായ ഫാ. ടോമിന്റെ പുതിയ വീഡിയോയും ഫോട്ടോയും പുറത്തുവന്ന സാഹചര്യത്തിൽ മോചനം ഉടനെയാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ സുമിത്ര മഹാജൻ അവതരണാനുമതി നൽകിയില്ല. കെ.വി. തോമസ് അടക്കമുള്ളവരും നോട്ടീസ് നൽകിയിരുന്നു.

പിന്നീടു വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ ജോസ് കെ. മാണിക്ക് സ്പീക്കർ അവസരം നൽകുകയായിരുന്നു. സബ്മിഷനുകൾക്ക് സർക്കാർ മറുപടി പറയുക പതിവില്ലെങ്കിലും ഇക്കാര്യത്തിൽ കേരള എംപിമാരുടെയും അഭ്യർഥന മാനിച്ചു സുഷമ മറുപടി നൽകി.

ഗൗരവമേറിയ വിഷയമാണിതെന്നു സുഷമ സ്വരാജ് പറഞ്ഞു. യെമനിൽ ഇപ്പോൾ സ്‌ഥിതി മോശമാണ്. അവിടെയിപ്പോൾ ഇന്ത്യൻ എംബസിയോ, സർക്കാരിന്റെ പ്രതിനിധികളോ ഇല്ല. എങ്കിലും ഫാ. ടോമിനെ തടവിൽ പാർപ്പിച്ചിരിക്കുന്ന സ്‌ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയെ സഹായിക്കാൻ കഴിയുന്ന രാജ്യങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.


തടവിലുള്ള ഫാ. ടോമിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നത് രാവിലെയാണു ശ്രദ്ധയിൽ പെട്ടത്. വീഡിയോ യഥാർഥമാണോയെന്നു പരിശോധിച്ചുവരികയാണ്. വൈദികനെ മോചിപ്പിക്കാൻ നേരിട്ടും അല്ലാത്തതുമായ ഇടപെടലുകൾ നടത്തുന്നുണ്ട്. സർക്കാരിന്റെ നടപടികൾ ഫലവത്താകാൻ കുറച്ചുകൂടി കാത്തിരിക്കണം. യെമനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നയതന്ത്ര നീക്കുപോക്കിനും മറ്റും പരിമിതികൾ ഉള്ളതിനാൽ ഈ വിഷയം വളരെ ശ്രദ്ധയോടും സാവകാശത്തോടും കൂടി കൈകാര്യം ചെയ്തുവരികയാണ്.

അഫ്ഗാനിസ്‌ഥാനിൽ കാണാതായ തമിഴ്നാട്ടിൽ നിന്നുള്ള വൈദികൻ ഫാ. അലക്സിസ് പ്രേംകുമാറിനെ എട്ടു മാസത്തിനു ശേഷമാണു തിരികെ നാട്ടിലെത്തിക്കാനായത്. അതു പോലെ ഫാ. ടോമിനെയും തിരികെ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇറാക്കിൽ 38 ഇന്ത്യക്കാർ കൂടി ഇപ്പോഴും ബന്ദികളായി തുടരുന്നുണ്ടെന്നും ഇവരുടെയും മോചനത്തിനായി ശ്രമം തുടരുകയാണെന്നും മന്ത്രി സുഷമ വിശദീകരിച്ചു.

കോട്ടയം രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിലിനെ മാർച്ച് നാലിനാണ് യെമനിലെ ഏഡനിൽ നിന്നും തട്ടിക്കൊണ്ടുപോയത്. അവശനിലയിലുള്ള വൈദികന്റെ ദൃശ്യങ്ങൾ പത്ര, ടെലിവിഷൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

<ആ>ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായി

ന്യൂഡൽഹി: ഭീകരരുടെ കസ്റ്റഡിയിൽ കഴിയുന്ന നിലയിൽ പുറത്തുവന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായി. ഇന്നലെ രാത്രിയിലാണു പേജ് പിൻവലിക്കപ്പെട്ടത്. ഫാ. ടോമിനു മർദനമേൽക്കുന്ന രംഗങ്ങളും ഫേസ് ബുക്ക് പേജിലെ വീഡിയോയിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.