ഉത്തർപ്രദേശിൽ പ്രതിഷേധം ഇരമ്പി
ഉത്തർപ്രദേശിൽ പ്രതിഷേധം ഇരമ്പി
Thursday, July 21, 2016 12:25 PM IST
ലക്നോ: ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ മോശം പരാമർശം നടത്തിയ ബിജെപി നേതാവ് ദയാശങ്കർ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹസ്റത്ഗഞ്ചിലെ ഡോ. ബി.ആർ. അംബേദ്കർ പ്രതിമയ്ക്കുമുമ്പിൽ ആയിരക്കണക്കിനു പ്രവർത്തകർ ധർണ നടത്തി. ഇവർ ദയാശങ്കറിന്റെ കോലം കത്തിച്ചു.

കോലം കത്തിക്കുന്നതിനിടെ ഷർട്ടിലേക്കു തീപടർന്ന് ഒരാൾക്കു പൊള്ളലേറ്റു. ബിഎസ്പിയുടെ ജില്ലാ കേന്ദ്രങ്ങളിൽനിന്ന് ബുധനാഴ്ച രാത്രിയോടെ തലസ്‌ഥാനത്തേക്ക് ആയിരക്കണക്കിനു പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. ഇവരും പ്രതിഷേധത്തിൽ പങ്കെടുത്തു. യുപി ബിജെപി ഉപാധ്യക്ഷന്റെ പദവിയിൽനിന്നു ദയാശങ്കറിനെ പുറത്താക്കിയതിനുപുറമേ ആറുവർഷത്തേക്കു പാർട്ടി അംഗത്വം റദ്ദാക്കി. യുവജനവിഭാഗത്തിന്റെ ചുമതലയും എടുത്തുകളഞ്ഞു.


യുപി സംസ്‌ഥാന നേതൃത്വം ആ വിഷയം പരിഹരിച്ചു. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ എന്നായിരുന്നു പാർലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ഇതേക്കുറിച്ചു പ്രതികരിച്ചത്.

മായാവതിക്കെതിരേയുള്ള പരാമർശത്തിൽ ബിഎസ്പി ദേശീയ സെക്രട്ടറി മേവാലാൽ ഗൗതമിന്റെ പരാതിയിൽ ബുധനാഴ്ച അർധരാത്രിയാണ് ദയാശങ്കറിനെതിരേ കെസെടുത്തത്. ഇതേത്തുടർന്നു ലക്നോയിലെയും ബലിയയിലെയും ദയാശങ്കറിന്റെ വസതികളിൽ പോലീസ് റെയ്ഡ് നടത്തി. എന്നാൽ, ദയാശങ്കർ ഒളിവിലാണ്. സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്ന പരാമർശം നടത്തിയതിനും മനഃപൂർവം അവഹേളിച്ചതിനും എസ്സി/ എസ്ടി ആക്ടിലെ ചില വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി. ത്യാഗി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.