പാർലമെന്റ് വീഡിയോ: ആപ് എംപിക്കു വിലക്ക്
പാർലമെന്റ് വീഡിയോ: ആപ് എംപിക്കു വിലക്ക്
Monday, July 25, 2016 11:49 AM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: സുരക്ഷാ സംവിധാനങ്ങൾ മറികടന്നു പാർലമെന്റിനുള്ളിൽ പ്രവേശിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച എംപി ഭഗവന്ത് മന് സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്ക്. അതിനിടെ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന ഭഗവന്ത് മനെതിരായ അരോപണങ്ങളെക്കുറിച്ചു ബിജെപി എംപി കിരിത് സോമയ്യ അധ്യക്ഷനായ ഒമ്പതംഗ സമിതി അന്വേഷണം നടത്തും. ഭഗവന്ത് മന്റെ വീഡിയോ ചിത്രീകരണത്തെക്കുറിച്ച് ഒമ്പതംഗ സമിതി അന്വേഷണം നടത്തുമെന്നു സ്പീക്കർ സുമിത്ര മഹാജൻ ഇന്നലെ സഭയെ അറിയിച്ചു. സമിതിയുടെ ആദ്യ യോഗം ഇന്നലെ വൈകുന്നേരം അഞ്ചിനു ചേർന്നു.

വർഷകാല സമ്മേളനം കഴിയുന്നതു വരെയോ അന്വേഷണ സമിതി റിപ്പോർട്ടു സമർപ്പിക്കുന്നതു വരെയോ എംപിയോടു പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ടെന്നാണു സ്പീക്കർ സുമിത്ര മഹാജൻ നിർദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് മൂന്നു വരെയാണു നിലവിൽ എംപിയെ പാർലമെന്റ് സമ്മേളനത്തിൽ നിന്നു വിലക്കിയിരിക്കുന്നത്.

വിലക്കേർപ്പെടുത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാർലമെന്റു സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കണം എന്നാവശ്യപ്പെട്ടു ഭഗവന്ത് മൻ രംഗത്തെത്തി. ദേശീയ സുരക്ഷ മറികടന്നു പാക്കിസ്‌ഥാനിൽ നിന്നുള്ള സംഘത്തിനു പത്താൻകോട്ട് വ്യോമതാവളത്തിൽ പ്രവേശിക്കാൻ മോദി അനുമതി നൽകിയെന്നാണു മനിന്റെ ആരോപണം. തനിക്കെതിരായ നടപടികളും ആരോപണങ്ങളും പഞ്ചാബ് തെരഞ്ഞെടുപ്പിനെ മുതലെടുക്കാനുള്ള ശ്രമങ്ങളാണെന്നും മൻ ആരോപിച്ചു. പഞ്ചാബിലെ സംഗ്രൂരിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംപിയായ ഭഗവന്ത് മൻ പാർലമെന്റിൽ പതിവായി മദ്യപിച്ചാണെത്തുന്നതെന്നും സ്പീക്കർക്കു മുന്നിൽ പരാതിയുണ്ടായിരുന്നു. ലോക്സഭയിൽ മനിന്റെ തൊട്ടടുത്തിരിക്കുന്ന ആം ആദ്മി പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ഹരീന്ദർ ഖസ്ല ആണ് ഇതു സംബന്ധിച്ചു പരാതി ഉയർത്തിയത്. രൂക്ഷമായ മദ്യഗന്ധം കാരണം മനിന്റെ അടുത്തിരിക്കാനാവില്ലെന്നും സീറ്റു മാറ്റിത്തരണം എന്നാവശ്യപ്പെട്ടും ഖസ്ല സ്പീക്കറെ സമീപിക്കുകയായിരുന്നു.


വീട്ടിൽ നിന്നും പാർലമെന്റിലേക്കുള്ള വഴികളും സുരക്ഷാ പരിശോധനക്രമങ്ങളും ശൂന്യവേളയിൽ ചോദ്യങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയും മൊബൈലിൽ പകർത്തി മൻ ഫേസ്ബുക്കിലിടുകയായിരുന്നു. ഇതു ഗുരുതര സുരക്ഷാ ചട്ടലംഘനമാണെന്നാരോപിച്ചു പാർലമെന്റിന്റെ ഇരുസഭകളിലും എംപിമാർ രൂക്ഷ പ്രതിഷേധമുയർത്തിയിരുന്നു. ഇതോടെ സ്പീക്കർക്കു നൽകിയ കത്തിൽ മൻ നിരുപാധികം മാപ്പു പറഞ്ഞു. എന്നാൽ, സംഭവം അതീവ ഗുരുതരമാണെന്നും നപടി ആവശ്യമാണെന്നു നിലപാടാണു സ്പീക്കർ സുമിത്ര മഹാജൻ എടുത്തത്.

അതിനിടെ പഞ്ചാബിലെ തീവ്ര വിഭാഗങ്ങളുമായി അടുത്ത ബന്ധം പുലർത്തു ആളാണു ഭഗവന്ത് മൻ എന്നും വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ രംഗത്തെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേസ്ബുക്കിൽ ഭഗവന്ത് മൻ വീഡിയോ പോസ്റ്റ് ചെയ്തത്. പന്ത്രണ്ടു മിനിട്ടു ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പഞ്ചാബിലെ ജനങ്ങളെ പാർലമെന്റിലെ പ്രവർത്തനരീതികൾ കാണിച്ചുകൊടുക്കാനാണ് വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിലിട്ടതെന്നായിരുന്നു എംപിയുടെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.