കൃഷ്ണമൃഗവേട്ട: സൽമാൻ ഖാനെ വെറുതേ വിട്ടു
കൃഷ്ണമൃഗവേട്ട: സൽമാൻ ഖാനെ വെറുതേ വിട്ടു
Monday, July 25, 2016 12:05 PM IST
ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട ബോളിവുഡ് താരം സൽമാൻ ഖാനെ രാജസ്‌ഥാൻ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ കോടതി കുറ്റവിമുക്‌തനാക്കിയത്. ഇതു ബോളിവുഡ് സിനിമാലോകത്തിനു വലിയ ആശ്വാസം പകർന്നിരിക്കുകയാണ്.

1998ലാണ് കേസിനാസ്പദമായ സംഭവം. എന്നാൽ, സൽമാന്റേത് ലൈസൻസുള്ള തോക്കാണെന്നും മൃഗത്തിന്റെ ശരീരത്തിൽനിന്നു കണ്ടെടുത്തത് അതിൽനിന്നുള്ള ബുള്ളറ്റായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 2007ൽ ഒരാഴ്ച ജയിലിൽ പാർപ്പിച്ചിരുന്നു. തുടർന്നു മൃഗവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും അദ്ദേഹം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

1998 സെപ്റ്റംബർ 26, 27 തീയതികളിൽ ബവാദ് ജില്ലയിൽനിന്നും 28, 29 തീയതികളിൽ ഗോധാ ഫാമിൽനിന്നും കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ വന്യമൃഗസംരക്ഷ നിയമപ്രകാരം രണ്ടു കേസുകളാണു രജിസ്റ്റർ ചെയ്തിരുന്നത്. സിജെഎം കോടതി അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തുകയും അഞ്ചു വർഷം തടവു ശിക്ഷ വിധിക്കുകയുമായിരുന്നു. ഇതിനെതിരേ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നവംബർ 16ന് ആരംഭിച്ച കേസിൽ മേയ് 13നാണ് വിചാരണ പൂർത്തിയാക്കിയത്. തുടർന്ന് സാഹചര്യത്തെളിവുകളുടെ അടിസ്‌ഥാനത്തിൽ കെട്ടിച്ചമച്ച കേസാണെന്നു കണ്ടെത്തി സൽമാനെ വെറുതെ വിടുകയാണെന്നു ഹൈക്കോടതി അറിയിച്ചു.


ഹൈക്കോടതിവിധി സൽമാനും ബോളിവുഡ് സിനിമാലോകത്തിനും ആഹ്ലാദം പകർന്നു. സൽമാൻ ഖാന്റെ ചിത്രങ്ങൾ തുടർച്ചയായി വൻ വിജയം നേടിക്കൊണ്ടിരിക്കെ ഈ കേസ് വലിയ ആശങ്കയായി നിലനിൽക്കുകയായിരുന്നു. സൽമാൻ നായകനായുള്ള പ്രോജക്ടുകൾക്കു കോടികൾ മുടക്കിയിരുന്ന നിർമാതാക്കളും വലിയ കേസിന്റെ വിധിയെക്കുറിച്ചു വലിയ ആശങ്കയിലും ആകാംക്ഷയിലുമായിരുന്നു. സൽമാൻ നായകനായ സുൽത്താൻ ഇപ്പോൾ തിയറ്ററുകളിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.