ദളിത് യുവാവിന്റെ മരണം: ജനക്കൂട്ടം എസ്ഐയെ ആക്രമിച്ചു
Monday, July 25, 2016 12:05 PM IST
സൂറത്ത്: ഗുജറാത്തിൽ പോലീസ് റെയ്ഡിനിടെ ദളിത് യുവാവവ് മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സൂറത്തിലെ ദാബൊലിയിൽ ചീട്ടുകളി സംഘത്തെ പിടികൂടാൻ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് 25 വയസുകാരനായ ദളിത് യുവാവ് മഹേന്ദ്ര മക്വാന കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് മർദനത്തിലാണു മക്വാന മരിച്ചതെന്നും ആരോപിച്ചു പ്രദേശവാസികൾ രംഗത്തെത്തി. പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങൾ തെരുവിലിറങ്ങി. മക്വാനയുടെ മരണത്തിൽ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചു പോലീസ് റെയ്ഡിനു നേതൃത്വം നൽകിയ ചോക് ബസാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ. എസ്. പട്ടേലിനെതിരേ പോലീസ് കേസെടുത്തു. മക്വാനയുടെ മരണത്തിൽ പ്രകോപിതരായ ആക്രമണത്തിൽ പട്ടേലിനു പരിക്കേറ്റിരുന്നു. 302 വകുപ്പു പ്രകാരം കൊലപാതകക്കുറ്റത്തിനാണ് അദ്ദേഹത്തിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആക്രമിച്ച കേസിൽ നിരവധി പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

എന്നാൽ, അപസ്മാര രോഗിയായിരുന്ന മഹേന്ദ്ര മക്വാന അപസ്മാരത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലമാണു മരിച്ചതെന്നാണു പോലീസ് നൽകുന്ന വിവരം. പോലീസ് സംഘത്തെ കണ്ട മഹേന്ദ്ര മക്വാനയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അതിനിടെ വീണു പരിക്കേൽക്കുകയുമായിരുന്നു. പിന്നീട്, അദ്ദേഹം ആശുപത്രിയിൽ മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം.


മക്വാനയെ പട്ടേലോ മറ്റു പോലീസുകാരോ മർദിച്ചിട്ടില്ലെന്ന പോലീസിന്റെ വാദം പ്രദേശവാസികൾ തള്ളി. നിരപരാധിയായ മക്വാനയെ പട്ടേലിന്റെ നേതൃത്വത്വത്തിലുള്ള പോലീസ് സംഘം മക്വാനയെ തടഞ്ഞു നിർത്തുകയും അദ്ദേഹത്തെ മർദിക്കുകയും ചെയ്തെന്നാണു പ്രദേശവാസികൾ പറയുന്നത്. പോലീസിന്റെ മർദനമേറ്റ മക്വാന ബോധരഹിതനായി വീഴുകയായിരുന്നു. പിന്നീടു മരിച്ചു. മക്വനയുടെ പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സംഘം അദ്ദേഹത്തിന്റെ കാലിനു പരിക്കു പറ്റിയിരുന്നതായി കണ്ടെത്തി. ഇത് വീഴ്ചയിലാണോ മർദനത്തിലാണോ സംഭവിച്ചതെന്നു ഡോക്ടർമാർ വ്യക്‌തമാക്കിയിട്ടില്ല. മരണ കാരണത്തിനായി ആന്തരിക അവയവങ്ങളുടെ കൂടുതൽ പരിശോധന വേണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ദളിതർക്കെതിരേ ഗുജറാത്തിൽ നടന്ന അതിക്രമത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് സൂററ്റിൽ പോലീസ് നടപടിക്കെതിരേ ദളിത് യുവാവ് മരിക്കുന്നത്. ഈ വിഷയം വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.