നഖ്വിക്കെതിരേ അവകാശ ലംഘനനോട്ടീസ്
നഖ്വിക്കെതിരേ  അവകാശ ലംഘനനോട്ടീസ്
Tuesday, July 26, 2016 12:53 PM IST
ന്യൂഡൽഹി: ഭരണപക്ഷത്തു നിന്നും എംപിമാരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്വിക്കെതിരേ കോൺഗ്രസ് രാജ്യസഭയിൽ അവകാശ ലംഘനത്തിനു നോട്ടീസ് നൽകി. കോൺഗ്രസ് എംപി കെ.വി.പി രാമചന്ദ്ര റാവു ആണ് ഇന്നലെ മന്ത്രിക്കെതിരേ അവകാശ ലംഘനത്തിനു നോട്ടീസ് നൽകിയത്.

ഭരണപക്ഷത്തു നിന്നുള്ള എംപിമാരെ സഭയുടെ നടുത്തളത്തിലേക്കിറങ്ങാനും സഭാ നടപടികൾ തസപ്പെടുത്താനും മന്ത്രി അനുവദിക്കുന്നവെന്നാണ് കോൺഗ്രസ് എംപി ആരോപിക്കുന്നത്. ശൂന്യവേളയിൽ ഇന്നലെ വിഷയം ഉന്നയിക്കവേയാണ് താൻ ചട്ടം 187, 188 പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ടെന്നു റാവു വ്യക്‌തമാക്കിയത്. കഴിഞ്ഞ ദിവസം കോൺഗ്രസ് സഭയിൽ ചർച്ചയ്ക്കെടുക്കണമെന്നാവശ്യപ്പെട്ട ആന്ധ്ര പ്രദേശിനു പ്രത്യേക പാക്കേജ് നൽകുന്ന സ്വകാര്യ ബിൽ അവതരിപ്പിച്ചത് റാവു ആയിരുന്നു. അവകാശം ലംഘനത്തിനു നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള റാവുവിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ രാജ്യസഭാധ്യക്ഷൻ തീരുമാനമെടുക്കുമെന്നും ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ വ്യക്‌തമാക്കി.


അതിനിടെ, ആന്ധ്രാ പ്രദേശിനു പ്രത്യേക പാക്കേജ് വേണമെന്ന ബില്ല് എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉയർത്തിയ പ്രതിഷേധത്തിൽ രാജ്യസഭ ഇന്നലെയും പതിവിലും നേരത്തെ പിരിഞ്ഞു. കോൺഗ്രസ് അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നു വിമർശിച്ചു മന്ത്രി മുക്‌താർ അബ്ബാസ് നഖ്വിയും രംഗത്തെത്തി. തുടർന്നു നാലിനു സഭ വീണ്ടും ചേർന്നപ്പോൾ ആന്ധ്ര പ്രദേശിനെ എങ്ങനെ വികസിപ്പിക്കണമെന്ന വിഷയത്തിൽ ചർച്ചയാകാമെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്‌തമാക്കി. എന്നാൽ, ബില്ല് വോട്ടിനിടണമെന്നു കോൺഗ്രസ് എംപി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇതോടെ സഭയിൽ വീണ്ടും കോൺഗ്രസ് പ്രതിഷേധം ഉയർത്തി. വോട്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുദ്രാവാക്യം മുഴക്കി ഇറങ്ങിയതോടെ സഭ ഇന്നലത്തേക്കു പിരിയുന്നതായി ഉപാധ്യക്ഷൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.