റോഡപകടങ്ങളിൽ തുണയാകുന്നവരെ നിയമക്കുരുക്കിലാക്കരുതെന്നു നിർദേശം
റോഡപകടങ്ങളിൽ തുണയാകുന്നവരെ നിയമക്കുരുക്കിലാക്കരുതെന്നു നിർദേശം
Tuesday, August 23, 2016 12:40 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന നല്ല മനസിനുടമകൾ നിയമക്കുരുക്കിൽ അകപ്പെടാതിരിക്കാൻ സുവ്യക്‌തമായ അടിസ്‌ഥാന മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

വാഹനാപകട കേസുകളിൽ സഹായിക്കാനെത്തുന്നവരുടെയും സ്വയം സാക്ഷ്യപ്പെടുത്തുന്നവരുടെയും മൊഴി അന്തിമ സാക്ഷിമൊഴിയായി പരിഗണിക്കണമെന്നും ഇവരെ കോടതി കയറ്റരുതെന്നും കേന്ദ്രസർക്കാർ തിങ്കളാഴ്ച ഇറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.

അപകടത്തിൽപ്പെട്ടവരെ സഹായിക്കാനെത്തുന്നവരുടെ നിയമ പരിരക്ഷ സംബന്ധിച്ചു മാർഗനിർദേശങ്ങൾ ഇറക്കണമെന്നു കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി 2014ൽ നിർദേശിച്ചിരുന്നു. തുടർന്ന് 2015ൽ കേന്ദ്ര ഗതാഗത മന്ത്രാലയം മാർഗനിർദേശങ്ങളിറക്കി. പിന്നീട് കഴിഞ്ഞ ജനുവരിയിൽ അടിസ്‌ഥാന മാർഗ നിർദേശങ്ങളുമിറക്കി. ഇതിൽ കൂടുതൽ വ്യക്‌തത വരുത്തിയുള്ള മാർഗ നിർദേശങ്ങളാണ് തിങ്കളാഴ്ച പുറത്തിറക്കിയത്.

അപകടത്തിൽപ്പെട്ടവരെ സഹായിക്കാനെത്തുന്നവരുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്ന മോട്ടോർ വാഹന ഭേദഗതി ബിൽ കഴിഞ്ഞ സമ്മേളനകാലത്തു പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പാസായിരുന്നില്ല. വിശദമായ പരിശോധന ആവശ്യമാണെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്ന് അടുത്ത സമ്മേളനത്തിൽ ബിൽ പരിഗണിക്കും.

കാബിനറ്റ് അംഗീകാരം നൽകിയ ബിൽ ഇപ്പോൾ പാർലമെന്റിന്റെ സ്‌ഥിരം സമിതിയുടെ പരിശോധനയിലാണ്. ഗതാഗത നിയമലംഘനങ്ങൾക്കു വൻപിഴ ശിപാർശ ചെയ്യുന്നതാണ് ബിൽ.

കൂടാതെ ലൈസൻസ് വ്യവസ്‌ഥകളിലും വാഹന ഇൻഷ്വറൻസ് രംഗത്തും മാറ്റങ്ങൾ, റോഡപകടങ്ങളിൽ പരിക്കേറ്റവരെ സഹായിക്കുന്നവർക്കു സംരക്ഷണം, അപകടമരണങ്ങൾക്കും പരിക്കുകൾക്കും ഉയർന്ന നഷ്‌ടപരിഹാരം എന്നീ നിർദേശങ്ങളും ഭേദഗതി ബില്ലിൽ ഉണ്ട്.

റോഡപകടങ്ങളിൽ പെട്ടവരെ സഹായിക്കുന്നവരുടെ സാക്ഷ്യം പൂർണ മൊഴിയായി പോലീസ് രേഖപ്പെടുത്തണം. ഒറ്റത്തവണ കൊണ്ട് ഈ മൊഴിയെടുക്കൽ പൂർത്തിയാക്കിയിരിക്കണമെന്നും നിർദേശിക്കുന്നു. അപകടത്തിൽപ്പെട്ടവരെ സഹായിക്കാനെത്തുന്നവർ ഒരു കാരണവശാലും സിവിൽ, ക്രമിനൽ നടപടികളിൽ കുരുങ്ങാനിടവരരുത്. ഇവർ പിന്നീടു കോടതിയിൽ ഹാജരാകാനിടവരുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിർദേശിക്കുന്നു. അപകടത്തിൽ പെട്ടവർക്ക് അടിയന്തര സഹായികളായെത്തുവരെ സാക്ഷികളാകാൻ നിർബന്ധിക്കരുതെന്നും സർക്കാർ വ്യക്‌തമാക്കുന്നു.


റോഡപകടങ്ങളിൽ പെട്ടവരെ സഹായിക്കാനെത്തുന്നവരുടെ സംരക്ഷണത്തിനായി പാർലമെന്റിൽ നിയമം പാസാകുന്നതുവരെ സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ ഇറക്കണമെന്നാവശ്യപ്പെട്ടു 2014ൽ സേവ് ലൈഫ് ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


<ആ>കഴിഞ്ഞ വർഷം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ


അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരെയോ ദൃക്സാക്ഷികളെയോ വിലാസം വാങ്ങിയ ശേഷം ഉടൻ തന്നെ പോകാൻ അനുവദിക്കണം. ഇവരെ ഒരു കാരണവശാലും ചോദ്യം ചെയ്യാൻ പാടില്ല.

സുമനസോടെ സഹായിക്കാനെത്തുന്നവർക്ക് പ്രോത്സാഹനമായി പാരിതോഷികം നൽകാൻ സംസ്‌ഥാന സർക്കാർ സംവിധാനമൊരുക്കണം.

റോഡപകടങ്ങളിൽ പെട്ടവരെ സഹായിക്കുന്നവർ ഒരു തരത്തിലുള്ള നിയമക്കുരുക്കിലും പെടാൻ ഇടയാകരുത്.

അപകടവിവരം പോലീസിൽ വിളിച്ചറിയിക്കുന്നവരുടെ പേരോ വ്യക്‌തിഗത വിവരങ്ങളോ വെളിപ്പെടുത്താൻ നിർബന്ധിക്കരുത്.

സഹായിക്കാനെത്തുന്നവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തുന്ന ഉദ്യോഗസ്‌ഥർക്കെതിരേ അച്ചടക്ക, വകുപ്പുതല നടപടി.

അപകടത്തിനു ദൃക്സാക്ഷിയാകുന്നവർക്കു വീഡിയോ കോൺഫറൻസ് വഴിയും കോടതിയിൽ മൊഴി നൽകാം.

സാക്ഷി സ്വമേധയാ മൊഴി നൽകാൻ കോടതിയിലെത്തുകയാണെങ്കിൽ ഒറ്റ സിറ്റിംഗിൽ തന്നെ അയാളുടെ മൊഴി പൂർണമായും രേഖപ്പെടുത്തണം.

അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന ആൾ ബന്ധു അല്ലെങ്കിൽ ആശുപത്രി നടപടികൾക്കായി ഇവരിൽ നിന്നും പണം ഈടാക്കാൻ പാടില്ല.

അപകടത്തിൽ പെട്ട് ആശുപത്രിയിലെത്തിക്കുന്നവർക്ക് അടിയന്തര ചികിത്സ നൽകാൻ വൈമുഖ്യം കാണിക്കുന്ന ഡോക്ടർമാർക്കെതിരേ കർശന നടപടി.


എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയ മാർഗ രേഖയിൽ വ്യക്‌തമാക്കുന്നു. റോഡിൽ മരിച്ചുവീഴുന്നവരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗതാഗതമന്ത്രാലയമാണ് മാർഗരേഖ തയാറാക്കിയത്. പുതിയ മാർഗരേഖ സംബന്ധിച്ചു കേന്ദ്രസർക്കാർ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.