കേന്ദ്രസർക്കാരിനു രാഷ്ട്രപതിയുടെ താക്കീത്
കേന്ദ്രസർക്കാരിനു രാഷ്ട്രപതിയുടെ താക്കീത്
Wednesday, August 31, 2016 12:49 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഇനി ആവർത്തിക്കരുത്. ഒരിക്കലും കീഴ്വഴക്കവുമാക്കരുത്– കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനോട് രാഷ്ട്രപതിയുടെ താക്കീത്. പാർലമെന്റിൽ പാസാക്കാൻ കഴിയാതിരുന്ന നിയമഭേദഗതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നേടാതെ ഓർഡിനൻസിനായി സമർപ്പിച്ച നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയോടു രാഷ്ട്രപതി പ്രണാബ് മുഖർജി രേഖാമൂലം കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചതായാണു സൂചന.

ശത്രുക്കളുടെ, പാക്കിസ്‌ഥാനിലേക്കും ചൈനയിലേക്കും മറ്റും യുദ്ധകാലത്തു കുടിയേറിയവരുടെ അടക്കം, ഇന്ത്യയിലുള്ള സ്വത്തുവകകളുടെ പിന്തുടർച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരേയുള്ള എനിമി പ്രോപ്പർട്ടി നിയമ ഭേദഗതിയാണു വിവാദമായത്. എതിർപ്പുണ്ടെങ്കിലും പൊതുതാത്പര്യം മാനിച്ചാണു ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നതെന്നു പ്രണാബ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണു രാഷ്ട്രപതി ഓർഡിനൻസിൽ ഒപ്പുവച്ചത്. പഴയ ഓർഡിനൻസിന്റെ കാലാവധി ഞായറാഴ്ച കഴിയുമെന്നതിനാലാണു മന്ത്രിസഭയുടെ അംഗീകാരത്തിനു കാത്തുനിൽക്കാതെ രാഷ്ട്രപതി വീണ്ടും ഓർഡിനൻസിന് അനുമതി നൽകിയത്. കഴിഞ്ഞ തവണ പാർലമെന്റ് സമ്മേളന കാലത്ത് ഇതേ ഓർഡിനൻസ് ഇറക്കുന്നതിനെതിരേ രാഷ്ട്രപതി അതൃപ്തി അറിയിച്ചിരുന്നു.

തുടർച്ചയായ നാലാം തവണ പുറത്തിറക്കിയ വിവാദമായ ഈ ഓർഡിൻസിന് ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഓർഡിനൻസ് നിയമമായി പ്രാബല്യത്തിലായ ശേഷമുള്ള (പോസ്റ്റ് ഫാക്ടോ) അനുമതിയാണു മന്ത്രിസഭ ഇന്നലെ നൽകിയതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ശത്രു സ്വത്തവകാശത്തിനായുള്ള നിയമ ഭേദഗതി ബിൽ രാജ്യസഭയുടെ പരിഗണനയിലാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള സർക്കാർ ശ്രമത്തോടു പ്രതിപക്ഷം യോജിച്ചിരുന്നില്ല.


പാക്കിസ്‌ഥാനുമായുള്ള 1965ലെ യുദ്ധത്തിനുശേഷം 1968 ലാണ് ശത്രു സ്വത്തവകാശ നിയമം പാസാക്കിയത്. വിവിധ സംസ്‌ഥാനങ്ങളിലായുള്ള ഭൂമിയും കെട്ടിടങ്ങളും ഒട്ടേറെ സ്വത്തുക്കൾ കേന്ദ്രസർക്കാരിനു കീഴിലുള്ള പ്രത്യേക ഓഫീസിന്റെ കീഴിലാക്കുന്നതാണ് നിയമം.

നിയമഭേദഗതിക്കായി 2016 ജനുവരി ഏഴിനായിരുന്നു ആദ്യം ഓർഡിനൻസ് കൊണ്ടുവന്നത്. കഴിഞ്ഞ മാർച്ച് ഒമ്പതിന് ഈ ബിൽ ലോക്സഭ പാസാക്കി. പിന്നീട് രാജ്യസഭ ഇതു പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതിനിടെ, രാജ്യസഭ സെലക്ട് കമ്മിറ്റി നിർദേശിച്ച ഭേദഗതികളോടെ കഴിഞ്ഞ ഏപ്രിൽ രണ്ടിന് മൂന്നാം തവണ ഓർഡിനൻസ് ഇറക്കി. ഇതിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം തേടാതെ ഓർഡിനൻസ് വീണ്ടും ഇറക്കാനായി രാഷ്ട്രപതിക്ക് അയച്ചത്. അടിയന്തര സാഹചര്യങ്ങളിലേക്കുള്ള പന്ത്രണ്ടാം ചട്ടം ഉപയോഗപ്പെടുത്തിയാണു പ്രധാനമന്ത്രി മോദി ഈ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.