മെഡിക്കൽ പ്രവേശനം: സ്വകാര്യ കോളജുകൾ പ്രത്യേക കൗൺസലിംഗ് നടത്തേണ്ടന്നു സുപ്രീംകോടതി
മെഡിക്കൽ പ്രവേശനം: സ്വകാര്യ കോളജുകൾ പ്രത്യേക കൗൺസലിംഗ് നടത്തേണ്ടന്നു സുപ്രീംകോടതി
Thursday, September 22, 2016 12:50 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സ്വകാര്യ കോളജുകൾ പ്രത്യേകം കൗൺസലിംഗ് നടത്തേണ്ടതില്ലെന്നു സുപ്രീംകോടതി. സ്വകാര്യ കോളജുകളിലെയും സർക്കാർ കോളജുകളിലെയും കൗൺസലിംഗ് നടപടികൾ ഒരുമിച്ചു നടത്തിയാൽ മതിയെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്‌തമാക്കി. മധ്യപ്രദേശിലെ സ്വകാര്യ മെഡിക്കൽ കോളജുകൾ പ്രത്യേകം കൗൺസലിംഗ് നടത്തുന്നതു റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

മെഡിക്കൽ ബിരുദ പ്രവേശനത്തിനായി സർക്കാർ നടത്തിയ കൗൺസലിംഗ് നടപടികളിൽ പങ്കെടുക്കാതെ പ്രത്യേകം കൗൺസലിംഗ് നടത്തിയ സ്വകാര്യ കോളജുകളുടെ നടപടിക്കെതിരേ സംസ്‌ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എല്ലാ വിദ്യാർഥികൾക്കും വേണ്ടി കേന്ദ്രീകൃത രീതിയിൽ കൗൺസലിംഗ് നടത്തുമ്പോൾ അതിൽ പങ്കെടുക്കാതെ പ്രത്യേകം കൗൺസലിംഗ് നടത്തുന്നതു സുപ്രീംകോടതിയുടെ ഉത്തരവിനു വിരുദ്ധമാണെന്നും അതിനാൽ ഈ കോളജുകൾക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നുമായിരുന്നു സംസ്‌ഥാന സർക്കാരിന്റെ ആവശ്യം.


സ്വകാര്യ കോളജുകളുടെ നടപടിയിൽ അതൃപ്തി അറിയിച്ച ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, ഒരാഴ്ചയ്ക്കകം സർക്കാരിന്റെ കൗൺസലിംഗിൽ പങ്കെടുക്കാനും നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.