പാക് കലാകാരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യംവിടണം: എംഎഎസ്
പാക് കലാകാരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യംവിടണം: എംഎഎസ്
Friday, September 23, 2016 12:31 PM IST
മുംബൈ: ജമ്മു കാഷ്മീരിലെ ഉറിയിൽ പാക് പിന്തുണയിൽ ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള ഫവദ് ഖാൻ ഉൾപ്പെടെയുള്ള എല്ലാ പാക് കലാകാരന്മാരും രാജ്യംവിടണമെന്നു മഹാരാഷ്ട്ര നവനിർമാൺ സേന.

ഷാരുഖ് ഖാൻ ചിത്രമായ റയീസിൽ അഭിനയിക്കുന്ന പാക് നടൻ മഹിര ഖാനും യേ ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ഫവദ് ഖാനും ഇന്ത്യയിലുള്ള അഭിനേതാക്കളുടെ അവസരം നഷ്ടപ്പെടുത്തുകയാണെന്ന് എംഎൻഎസ് ജനറൽ സെക്രട്ടറി ശാലിനി താക്കറെ പത്രസമ്മേളനത്തിൽ പറഞ്ഞു.

സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിട്ടും താരങ്ങൾ പപോലീസ് സംരക്ഷണയിൽ മുംബൈയിൽ തമ്പടിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിട്ടുപോകാൻ പാർട്ടിയുടെ ഛത്രപത് അധ്യക്ഷൻ അമേയ് ഖോപ്കർ മുന്നറിയിപ്പു നല്കിക്കഴിഞ്ഞു.ഉറിയിൽ 18 സൈനികരെ കൊലപ്പെടുത്തിയതു പാക്കിസ്‌ഥാൻ ആഘോഷിക്കുകയാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്‌ഥാന്റെ ബിസിനസ് ഇന്ത്യയിൽ ഇനി നടക്കില്ലെന്നും ശാലിനി പറഞ്ഞു.


അവസരങ്ങൾക്കുവേണ്ടി അലയുന്ന ലക്ഷക്കണക്കിനുപേരാണ് ഇന്ത്യയിലുള്ളത്. ബിഗ്ബജറ്റ് സിനിമാക്കമ്പനികളാണ് പാക്കിസ്‌ഥാനിൽനിന്ന് കലാകാരന്മാരെ ഇറക്കുമതി ചെയ്യുന്നതെന്നും ഇതവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ശാലിനി കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല പാക് താരങ്ങൾക്കു മുംബൈയിൽ വിലക്കേർപ്പെടുത്തുന്നത്. പാക് ഗായകനായ ഗുലാം അലി സംഗീതപരിപാടിക്കായി മുംബൈയിൽ എത്തുന്നതു ശിവസേന വിലക്കിയിരുന്നു. ട്വന്റി 20 ക്രിക്കറ്റ് ഇന്ത്യ–പാക് മത്സരം നടത്തുന്നതിനെതിരേയും ശിവസേന വ്യാപക പ്രതിഷേധമുയർത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.