ഉറി: പ്രധാനമന്ത്രി സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി
ഉറി: പ്രധാനമന്ത്രി സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി
Saturday, September 24, 2016 12:02 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ഉറി സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് പോകുന്നതിനു മുമ്പ് ഇന്നലെ രാവിലെയാണ് കര, നാവിക, വ്യോമസേനാ മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

കരസേനാ മേധാവി ജനറൽ ദൽബിർ സിംഗ് സുഹാഗും എയർ ചീഫ് മാർഷൽ അരൂപ് രാഹയും നാവികസേനയുടെ വൈസ് അഡ്മിറൽ കെ.ബി. സിംഗുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. നേവി ചീഫ് അഡ്മിറൽ സുനിൽ ലാംബ സ്‌ഥലത്തില്ലാത്തിനാലാണ് സിംഗ് പങ്കെടുത്തത്. ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തു. കാഷ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം വർധിക്കുന്നതും യോഗത്തിൽ ചർച്ചയായതായാണു സൂചന. നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ശക്‌തമായി പ്രതിരോധിച്ച് തിരിച്ചടിക്കാൻ പ്രധാനമന്ത്രി നേരത്തേ സൈന്യത്തിനു നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ഉന്നതതല യോഗങ്ങൾക്കാണു ഡൽഹി കഴിഞ്ഞ ദിവസങ്ങളിൽ വേദിയായത്. സൈനിക മേധാവിമാരുമായുള്ളത് പതിവ് കൂടിക്കാഴ്ച മാത്രമാണെന്ന് പ്രതിരോധ വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും അതിർത്തിയിലെ ആക്രമണങ്ങൾക്ക് തക്ക മറുപടി നൽകണമെന്ന സന്ദേശം മോദി നൽകിയതായാണ് അറിയുന്നത്.


ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആക്രമണം ഉണ്ടായാൽ പ്രത്യാക്രമണത്തിന് പാക്കിസ്‌ഥാൻ തയാറെടുക്കുന്നതായി പാക് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ മൂന്നു സേനാ വിഭാഗങ്ങളും തയാറാണെന്ന് സൈനിക മേധാവിമാർ പ്രധാനമന്ത്രി അറിയിച്ചതായും സൂചനയുണ്ട്. ഉറി ആക്രമണത്തിനു പിന്നിൽ ലഷ്കറെ തോയിബ തന്നെയാണെന്നാണ് ഇന്ത്യയുടെ നിഗമനം. പാക് അധീന കാഷ്മീരിലുള്ള ഭീകരരുടെ ക്യാമ്പുകൾ ആക്രമിക്കുക എന്നതായിരുന്നു ആദ്യം വന്ന നിർദേശം. കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ചയിൽത്തന്നെയാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.