ഇന്ത്യൻ സേന ഹനുമാനെപ്പോലെ: പ്രതിരോധ മന്ത്രി പരീക്കർ
ഇന്ത്യൻ സേന ഹനുമാനെപ്പോലെ: പ്രതിരോധ മന്ത്രി പരീക്കർ
Saturday, October 1, 2016 12:10 PM IST
ന്യൂഡൽഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ സർജിക്കൽ ആക്രമണത്തിനുശേഷം പാക്കിസ്‌ഥാൻ അബോധാവസ്‌ഥയിലായെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. ഇന്ത്യൻ സേന ഹനുമാനെ പോലെ കരുത്ത് തെളിയിച്ചിരിക്കുകയുമാണ്. ഇന്ത്യ നൽകിയ തിരിച്ചടിക്കു ശേഷം പാക്കിസ്‌ഥാൻ കോമ സ്റ്റേജിലായി. അവർക്കിനിയും ഞെട്ടലിൽ നിന്നു മുക്‌തമാകാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ മൗനം ദൗർബല്യമായി കാണരുത്. പ്രകോപനം തുടർന്നാൽ ഉചിതമായ തിരിച്ചടി നൽകുമെന്നും പരീക്കർ മുന്നറിയിപ്പു നൽകി.

നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സേന നൽകിയ തിരിച്ചടിക്കു രണ്ടു ദിവസത്തിനുശേഷം എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ പാക്കിസ്‌ഥാനു കൃത്യമായ വിവരമില്ല. ഇന്ത്യ എക്കാലത്തും സമാധാനത്തെ സ്നേഹിക്കുന്നു. എന്നാൽ ഭീകരവാദത്തെ ഒരു തരത്തിലും വച്ചു പൊറുപ്പിക്കുകയുമില്ല. ഇപ്പോൾ നൽകിയ തിരിച്ചടി ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് പാക്കിസ്‌ഥാനെ മനസിലാക്കിക്കാൻ വേണ്ടിയുള്ളതാണെന്നും പരീക്കർ പറഞ്ഞു.


ഇന്ത്യൻ സേനയെ രാമായണത്തിലെ ഹനുമാനോടാണ് പരീക്കർ ഉപമിച്ചത്. ജാംബവാന്റെ നിർദേശ പ്രകാരം തന്റെ കരുത്ത് തിരിച്ചറിഞ്ഞ് കടൽ ചാടിക്കടന്ന ഹനുമാനെപ്പോലെയാണ് ഇന്ത്യൻ സേന. സർജിക്കൽ ആക്രമണത്തിനു ശേഷമാണ് തങ്ങളുടെ കരുത്ത് യഥാർഥത്തിൽ സേനയും തിരിച്ചറിയുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ സൈനികരെയും പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നൽകിയ തിരിച്ചടിക്കു ശേഷം ആദ്യമായാണ് പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.