പ്രവാസി ഭാരതീയ കേന്ദ്രം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
പ്രവാസി ഭാരതീയ കേന്ദ്രം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
Saturday, October 1, 2016 12:10 PM IST
ന്യൂഡൽഹി: വിവിധ ലോകരാജ്യങ്ങളിലെ പ്രവാസികൾക്കു വേണ്ടി ഡൽഹിയിൽ നിർമിച്ച പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ (പിബികെ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവഹിക്കും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അധ്യക്ഷയായിരിക്കും. ഡൽഹി ചാണക്യപുരിയിൽ ജീസസ് ആൻഡ് മേരി കോളജിനു സമീപം രണ്ടര ഏക്കർ വരുന്ന സ്‌ഥലത്താണു 90 കോടി രൂപയോളം ചെലവിൽ വിശാലവും മനോഹരവുമായ പ്രവാസി ഭാരതീയ കേന്ദ്രം നിർമിച്ചത്. ജനുവരി ഏഴു മുതൽ ബംഗളൂരുവിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനു മുന്നോടിയായാണു പ്രവാസികൾക്കായുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിലെ പ്രവാസി സമ്മേളനത്തിനു മുമ്പായി പ്രവാസി ഭാരതീയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്നു പ്രധാനമന്ത്രി മോദി ഉറപ്പു നൽകിയിരുന്നതാണെങ്കിലും സർക്കാരിന്റെ പതിവു കെടുകാര്യസ്‌ഥത മൂലം നിർമാണം വൈകുകയായിരുന്നു. ഇനിയും മുഴുവൻ പണികളും റസ്റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും പ്രവർത്തനസജ്‌ജമായിട്ടില്ല. അതിനിടെ, വിദേശകാര്യ മന്ത്രിയുടെ നിർദേശപ്രകാരം ഗാന്ധിജയന്തി ദിനത്തിൽ തിരക്കിട്ട് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുകയാണു ചെയ്തത്. യുപിഎ മന്ത്രിസഭയുടെ കാലത്ത് വയലാർ രവി പ്രവാസികാര്യ മന്ത്രിയായിരിക്കെയാണു ഇത്തരമൊരു കേന്ദ്രം നിർമാണം തുടങ്ങിയത്. 2004ലെ ആദ്യ പിബിഡിയിൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയ് പ്രഖ്യാപിച്ചതാണിത്. എങ്കിലും വയലാർ രവി താത്പര്യമെടുത്തു 2011ലാണ് മൻമോഹൻ സിംഗ് മന്ദിരത്തിനു തറക്കല്ലിട്ടത്.


വിദേശങ്ങളിലുള്ള 2.7 കോടിയിലേറെ വരുന്ന പ്രവാസി സമൂഹത്തിന്റെ ഇന്ത്യയിലെ കേന്ദ്രീകൃത കാര്യാലയമായാണു കേന്ദ്രം പ്രവർത്തിക്കുക. ഗസ്റ്റ് റൂമുകൾ, ബിസിനസ് സെന്റർ, ഇന്ത്യൻ കൾചറൽ സെന്റർ, ഗവേഷണ കേന്ദ്രം, എക്സിബിഷൻ ഹാളുകൾ, റസ്റ്റോറന്റുകൾ എന്നീ സൗകര്യങ്ങൾ പ്രവാസി കേന്ദ്രത്തിലുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.