ഭീകരരെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങൾക്കെതിരേ നടപടി വേണം: ബിംസ്ടെക്
ഭീകരരെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങൾക്കെതിരേ നടപടി വേണം: ബിംസ്ടെക്
Monday, October 17, 2016 12:44 PM IST
മോബോർ(ഗോവ): ഭീകരരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും അവർക്കു സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരേ ശക്‌തമായ നടപടി വേണമെന്നു ബിംസ്ടെക് ഉച്ചകോടിയിൽ ആഹ്വാനം. പ്രകടമായല്ലെങ്കിലും പാക്കിസ്‌ഥാനെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളടങ്ങുന്ന ബിംസ്ടെക് രാജ്യങ്ങളുടെ കൂട്ടായ്മയിലെ ആഹ്വാനം. ഭീകരരെ രക്‌തസാക്ഷികളായി മഹത്വവത്കരിക്കരുതെന്ന നിലപാടാകട്ടെ കാഷ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ നേതാവ് ബുർഹൻ വാനിയെ രക്‌തസാക്ഷിയെന്നു വിശേഷിപ്പിച്ച പാക് പ്രസിഡന്റ് നവാസ് ഷരീഫിനുള്ള മറുപടിയുമായിരുന്നു.

ഭീകരതയ്ക്കെതിരേയുള്ള പോരാട്ടം ഭീകരസംഘടനകളെ തുടച്ചുനീക്കുക എന്നതിൽ മാത്രം ഒതുങ്ങരുതെന്നു യോഗം അംഗീകരിച്ച പ്രമേയം പറയുന്നു. ഭീകരർക്കു പിന്തുണ നൽകുന്നവർക്കു ശിക്ഷ ഉറപ്പാക്കുകയും വേണം. മേഖലയിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണത്തെ ശക്‌തമായ ഭാഷയിൽ അപലപിക്കുകയാണെന്നും ഉറി, പത്താൻകോട് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂട്ടായ്മ പറഞ്ഞു. ഭീകരതയെ നേരിടാൻ അടിയന്തര നടപടികൾ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പേരിൽ അന്താരാഷ്ട്ര വേദികളിൽ പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു കഴിഞ്ഞദിവസം സമാപിച്ച ബ്രിക്സ് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിംസ്ടെക് രാജ്യങ്ങളുടെയും അനുകൂല പ്രതികരണം. ആഗോളഭീകരതയുടെ മാതൃപേടകമാണു പാക്കിസ്‌ഥാനെന്നു ഞായറാഴ്ച ബ്രിക്സ്, ബിംസ്ടെക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഭീകരതയെന്ന അപകടം അവരുടെ മാനസസന്തതിയാണ്. മേഖലയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനുമുള്ള ഏറ്റവും വലിയ ഭീഷണി ഭീകരതയാണ്. ഭീകരതയെ എല്ലാ രീതിയിലും നേരിടാൻ പ്രതിജ്‌ഞാബദ്ധമാണെന്നും മോദി പറഞ്ഞിരുന്നു.


ബിംസ്ടെക് ഉച്ചകോടിയിൽ വ്യാപാരം, ഊർജം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ആലോചനകളും നടന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ നേതാക്കൾക്കൊപ്പം തായ്ലൻഡ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയും സമ്മേളനത്തിൽ പങ്കെടുത്തു.

ബ്രിക്സ്–ബിംസ്ടെക് ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങി. രണ്ട് ഉച്ചകോടികൾക്കുമായി 14നാണു പ്രധാനമന്ത്രി ഗോവയിലെത്തിയത്. പ്രധാനമന്ത്രി മോദി ഉൾപ്പെടെ 11 രാഷ്ട്രത്തലവന്മാരാണു രണ്ടു സമ്മേളനങ്ങളിലുമായി പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.