എല്ലാ മതവിഭാഗങ്ങളുടെയും വ്യക്‌തിനിയമം പരിഷ്കരിക്കണം: സിപിഎം
എല്ലാ മതവിഭാഗങ്ങളുടെയും വ്യക്‌തിനിയമം പരിഷ്കരിക്കണം: സിപിഎം
Tuesday, October 18, 2016 12:20 PM IST
ന്യൂഡൽഹി: ഭൂരിപക്ഷ സമുദായത്തിന്റേത് ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്‌തിനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സ്ത്രീകളെ ഏകപക്ഷീയമായി മൊഴിചൊല്ലാൻ അനുമതി നൽകുന്ന മുത്തലാഖ് സമ്പ്രദായത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന മുസ്ലിം സ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച പോളിറ്റ് ബ്യൂറോ നിരവധി മുസ്ലിം രാജ്യങ്ങളിൽ മുത്തലാഖ് സമ്പ്രദായം ഇല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മുത്തലാഖ് നിയമം ഒഴിവാക്കുന്നത് ഇതിന്റെ ഇരകളായ സ്ത്രീകൾക്ക് ആശ്വാസം നൽകും. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച തർക്കത്തിൽ ഇതാദ്യമായാണ് സിപിഎം നിലപാട് വ്യക്‌തമാക്കിയത്.


രാജ്യത്തെ എല്ലാ വ്യക്‌തിനിയമങ്ങളും പരിഷ്കരിക്കപ്പെടണം. ഹിന്ദു സ്ത്രീകളെക്കുറിച്ചുള്ള വ്യക്‌തിനിയമം പരിഷ്കരിച്ചിട്ടുണ്ടെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണ്. വ്യക്‌തിനിയമം പരിഷ്കരിച്ച് ലിംഗസമത്വം ഉറപ്പാക്കുന്നതിനു പകരം ന്യൂനപക്ഷങ്ങളെയാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്ന് ഇതിൽനിന്നു വ്യക്‌തമാണ്.

നിലവിൽ ദത്തെടുക്കൽ, അനന്തരാവകാശം, ഇഷ്‌ടമുള്ള ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകൾ വിവേചനത്തിനിരയാവുന്നുണ്ടെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.