യേ ദിൽ ഹേ മുഷ്കിൽ വിവാദം: ഫഡ്നാവിസിന്റെ നിലപാട് ഞെട്ടിച്ചെന്ന് കോൺഗ്രസ്
യേ ദിൽ ഹേ മുഷ്കിൽ വിവാദം: ഫഡ്നാവിസിന്റെ നിലപാട് ഞെട്ടിച്ചെന്ന് കോൺഗ്രസ്
Sunday, October 23, 2016 12:02 PM IST
ഡൽഹി: പാക്കിസ്‌ഥാൻ താരം അഭിനയിച്ച സിനിമ പ്രദർശിപ്പിക്കണമെങ്കിൽ അഞ്ചു കോടി രൂപ സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നൽകണമെന്ന എംഎൻഎസ് നേതാവ് രാജ് താക്കറെയുടെ നിർദേശം അംഗീകരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നടപടി ഞെട്ടലുണ്ടാക്കിയെന്ന് കോൺഗ്രസ്.

ഇന്ത്യൻ സിനിമയെയും കലാരൂപങ്ങളെയും സംരക്ഷിക്കേണ്ടതിനു പകരം അവരെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്ന നടപടിയാണ് എംഎൻഎസിന്റെ നിർദേശത്തിനു വഴങ്ങുക വഴി ഫഡ്നാവിസ് ചെയ്തിരിക്കുന്നതെന്നും കോൺഗ്രസ് വക്‌താവ് ടോം വടക്കൻ പറഞ്ഞു.

ബിജെപി സർക്കാരിനെ നയിക്കുന്ന ഫഡ്നാവിസ് ഈ നിർദേശത്തിനു വഴങ്ങുക വഴി ബിജെപിയുടെ ശിവസേനയുടെ രാഷ്ട്രീയത്തോടുള്ള കൂറാണ് വെളിപ്പെട്ടിരിക്കുന്നതെന്നും വടക്കൻ ആരോപിച്ചു.

സിനിമ തുടങ്ങും മുൻപ് ഉറി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധനകൾ അംഗീകരിച്ചതിനെത്തുടർന്നാണ് പാക് താരങ്ങൾ അഭിനയിച്ച കരൺ ജോഹർ ചിത്രമായ ‘യേ ദിൽ ഹേ മുഷ്കിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.


രാജ് താക്കറെയുടെ നിർദേശം നേരത്തെ സൈന്യവും തള്ളിയിരുന്നു. ഇന്ത്യൻ സൈന്യത്തെ തരം താഴ്ന്ന രാഷ് ട്രീയത്തിലേക്കു വലിച്ചിഴക്കരുത്.

സൈനിക ക്ഷേമനിധിയിലേക്ക് ആർക്കു വേണമെങ്കിലും അറിഞ്ഞുകൊണ്ട് സംഭാവന നൽകാം. എന്നാൽ, നിർബന്ധിത സംഭാവനകൾ സ്വീകരിക്കാൻ താത്പര്യമില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് വിമർശനവുമായി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്.

സൈന്യത്തെയും രാജ്യത്തിന്റെ ചലച്ചിത്ര–കലാപാരമ്പര്യത്തെയും അവഹേളിക്കുന്നതിനു കൂട്ടു നിൽക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഹഡ്നാവിസിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.