സ്വത്തുവിവരം വെളിപ്പെടുത്താൻ മല്യയോടു സുപ്രീംകോടതി
സ്വത്തുവിവരം വെളിപ്പെടുത്താൻ മല്യയോടു സുപ്രീംകോടതി
Tuesday, October 25, 2016 12:44 PM IST
ന്യൂഡൽഹി: വായ്പാ തട്ടിപ്പിന്റെ പേരിൽ രാജ്യംവിട്ട വിജയ് മല്യയോട് വിദേശരാജ്യങ്ങളിലേത് അടക്കമുള്ള എല്ലാ സ്വത്തു വിവരങ്ങളും വെളിപ്പെടുത്താൻ സുപ്രീംകോടതിയുടെ ഉത്തരവ്. സ്വത്തുവിവരങ്ങൾ പൂർണമായി വെളിപ്പെടുത്തണമെന്ന ഉത്തരവ് പാലിക്കാത്ത വിജയ് മല്യയുടെ നടപടിയെ വിമർശിച്ച കോടതി, നാലാഴ്ചയ്ക്കുള്ളിൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും നിർദേശിച്ചു. മല്യയുടെ ഭാര്യയുടെയും മക്കളുടെയും പേരിൽ വിദേശ ബാങ്കുകളിൽ ഏകദേശം 114.57 മില്യൺ ഡോളറോ 780 കോടി രൂപയ്ക്കു സമാനമായ തുകയോ നിക്ഷേപമുണ്ടെന്നു പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം കോടതിയെ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 17 ബാങ്കുകൾക്ക് 9,000 കോടി രൂപ ബാധ്യത വന്നതി നെത്തുടർന്നാണ് ബാങ്കുകളുടെ കൺസോർഷ്യം സുപ്രീംകോടതിയെ സമീപിച്ചത്. മല്യയുടെ ഇന്ത്യയിലെ വസ്തുക്കൾ ജപ്തി ചെയ്തശേഷവും കുടിശിക ഇനത്തിൽ ലഭിക്കേണ്ട 6,000 കോടി രൂപ ഈടാക്കി കിട്ടണമെന്ന ആവശ്യമാണു ബാങ്കുകൾ ഉന്നയിച്ചത്. ബാങ്കുകളുടെ ആവശ്യം പരിഗണിച്ചു റവന്യു റിക്കവറി നടപടികളുമായി മുന്നോട്ടു പോകാൻ കോടതി അനുവാദം നൽകിയിരുന്നു.


വിദേശത്തെ സ്വത്തു വിവരം സംബന്ധിച്ചു മല്യ നൽകിയ സത്യവാങ്മൂലത്തിൽ അവ്യക്‌ത വിവരങ്ങളാണെന്നു ബാങ്കുകൾക്കുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ച ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൻടൺ നരിമാൻ എന്നിവരുടെ ബെഞ്ച്, ഡിയാജിയോ കമ്പനിയിൽനിന്നു മല്യക്ക് ലഭിച്ച 40 മില്യൺ ഡോളർ (263 കോടി രൂപ) എന്തു ചെയ്തെന്നു സുപ്രീംകോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച വിവരം ലഭ്യമായില്ലെന്നും മല്യയുടെ പ്രസ്താവനയിൽ തൃപ്തിയില്ലെന്നും സുപ്രീംകോടതി തുറന്നടിച്ചു. വിദേശത്തുള്ള എല്ലാ വസ്തുവകകളുടെയും ഏതു തരത്തിൽ, എവിടെ തുടങ്ങിയവ അടക്കം വിശദമായി നാലാഴ്ചയ്ക്കകം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നവംബർ 24നു കേസ് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.