പാക് അധീന കാഷ്മീരിലെ അണക്കെട്ടിനു വായ്പയില്ല: എഡിബി
Thursday, October 27, 2016 12:34 PM IST
ജമ്മു: പാക് അധിനിവേശ കാഷ്മീരിൽ സിന്ധുനദിക്കു കുറുകേ പാക്കിസ്‌ഥാൻ നിർമിക്കാനൊരുങ്ങുന്ന കൂറ്റൻ അണക്കെട്ടിനു വായ്പ നൽകാൻ ഏഷ്യൻ വികസന ബാങ്ക്(എഡിബി) വിസമ്മതിച്ചു.

1400 കോടി ഡോളർ ചെലവിൽ ഗിൽജിത് ബാൾട്ടിസ്‌ഥാനിൽ നിർമിക്കുന്ന അണക്കെട്ട് പാക്കിസ്‌ഥാന്റെ ഊർജ–ജലസേചന ആവശ്യങ്ങൾ നിറവേറ്റുമെന്നാണു പ്രതീക്ഷ. പദ്ധതിക്കു ധനസഹായം നൽകാൻ ലോകബാങ്ക് രണ്ടുവർഷം മുമ്പു വിസമ്മതിച്ചിരുന്നു. ഇന്ത്യയിൽനിന്ന് എൻഒസി (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) കരസ്‌ഥമാക്കാൻ പാക്കിസ്‌ഥാൻ തയാറാകാത്തതിനാലാണിത്.

വായ്പ നൽകുന്നതിന് ഒരുതരത്തിലുള്ള ഉറപ്പും നൽകിയിട്ടില്ലെന്ന് എഡിബി പ്രസിഡന്റ് തകിഹികോ നകാവ പറഞ്ഞു. സെൻട്രൽ ഏഷ്യ റിജണൽ ഇക്കണോമിക് കോർപറേഷന്റെ പതിനഞ്ചാമത് വാർഷിക സമ്മേളനത്തിനിനിടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പാക് ധനമന്ത്രി ഇഷാഖ് ദറും ഒപ്പമുണ്ടായിരുന്നു.


പദ്ധതിക്കു ധനസഹായം നൽകുന്നവരുടെ കൂട്ടായ്മയിൽ അംഗമാകണമോയെന്നു പിന്നീട് തീരുമാനിക്കും. ഏതെങ്കിലുമൊരു കേന്ദ്രത്തിൽ നിന്നുമാത്രം ധനസഹായം ആവശ്യപ്പെടാതെ പ്രഫഷണൽ രീതിയിൽ വിദേശസഹകരണം ഉറപ്പാക്കാൻ പാക്കിസ്‌ഥാൻ ശ്രമിക്കണമെന്നും എഡിബി പ്രസിഡന്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.