കനത്ത മഴ: ആൻഡമാനിൽ 1,400 വിനോദ സഞ്ചാരികൾ കുടുങ്ങി
കനത്ത മഴ: ആൻഡമാനിൽ 1,400 വിനോദ സഞ്ചാരികൾ കുടുങ്ങി
Wednesday, December 7, 2016 3:44 PM IST
പോർട്ട് ബ്ലെയർ: കനത്ത മഴയും പ്രതികൂല കാലാവസ്‌ഥയും മൂലം ആൻഡമാനിലെ നെയിൽ, ഹാവ്ലോക്ക് ദ്വീപുകളിൽ 1,400 വിനോദസഞ്ചാരികൾ കുടുങ്ങി. ഇവരെ തിരിച്ചെത്തിക്കാനായി നാവികസേനയുടെ നാല് കപ്പലുകൾ പുറപ്പെട്ടിട്ടുണ്ട്. ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ കാലാവസ്‌ഥാ മാറ്റമാണു കനത്ത മഴയ്ക്കു കാരണമായത്. പോർട്ട് ബ്ലെയറിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ഹാവ്ലോക്ക്, നെയ്ൽ ദ്വീപുകളിൽ വിനോദസഞ്ചാരത്തിനെത്തിയവരാണു കുടുങ്ങിക്കിടക്കുന്നത്. പോർട്ട് ബ്ലെയറിൽനിന്നുള്ള വിമാന സർവീസും റദ്ദാക്കിയിട്ടുണ്ട്.

കനത്തമഴയും പ്രതികൂല കാലാവസ്‌ഥയും കാരണം പോർട്ട് ബ്ലെയറിൽനിന്ന് ഈ ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസ് നിർത്തിവയ്ക്കേണ്ടിവന്നു. ഇതേത്തുടർന്നാണ് വിനോദ സഞ്ചാരികൾ ഒറ്റപ്പെട്ടത്.


നാവികസേനയുടെ സഹായം അഭ്യർഥിച്ചതിനെത്തുടർന്നാണ് നാലു കപ്പലുകൾ ഹാവ്ലോക്കിലേക്കു പുറപ്പെട്ടത്. ബിട്ര, ബംഗാരം, കുംഭീർ, എൽസിയു 38 എന്നീ നാവികസേന കപ്പലുകളാണു രക്ഷാപ്രവർത്തനത്തിനു തിരിച്ചത്.

കടൽക്ഷോഭവും കൂറ്റൻ തിരമാലകളും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ആൻഡമാനിലെ പ്രധാന രണ്ട് വിനോദ സഞ്ചാര കേന്ദ്രമാണ് ഹാവ്ലോക്കും നെയ്ലും. ശക്‌തമായ കാറ്റിനെത്തുടർന്ന് വൃക്ഷങ്ങൾ കടപുഴകി. വൈദ്യുത ബന്ധവും മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങളും താറുമാറായതായി. സ്‌ഥിതിഗതികൾ വിലയിരുത്താൻ രാജ് നിവാസിൽ ലഫ്. ഗവർണർ ജഗദീഷ് മുഖിലിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.