മമത – മോദി പിണക്കം; ഇന്ത്യ – ബംഗ്ലാദേശ് ചർച്ചയിൽ കരിനിഴൽ
മമത – മോദി പിണക്കം; ഇന്ത്യ – ബംഗ്ലാദേശ് ചർച്ചയിൽ കരിനിഴൽ
Saturday, December 10, 2016 2:34 PM IST
ന്യൂഡൽഹി: നോട്ട് നിരോധനത്തെത്തുടർന്നു തമ്മിലുടക്കിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അകൽച്ച ഇന്ത്യ–ബംഗ്ലാദേശ് നയതന്ത്രബന്ധത്തിലും നിഴൽ വീഴ്ത്തുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. ബംഗ്ലാദേശുമായി നൂറിലേറെ കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്‌ഥാനമാണു ബംഗാൾ. ഇക്കാരണത്താൽ ബംഗാൾ മുഖ്യമന്ത്രിയുടെ സഹകരണമില്ലാതെ അതിർത്തിയുൾപ്പെടെയുള്ള ഇന്ത്യ–ബംഗ്ലാദേശ് നയതന്ത്ര ചർച്ച ഫലവത്താവില്ലെന്നു വിലയിരുത്തിയാണു ഹസീനയുടെ നടപടി.

നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധനത്തിനെതിരേ ഏറ്റവുമധികം പ്രതികരിച്ച മുഖ്യമന്ത്രിയാണ് തൃണമൂൽ കോൺഗ്രസ് നേതാവുകൂടിയായ മമത. മോദിയുടെ രാജിയാവശ്യപ്പെടുകയും ഡൽഹിയിൽ ദിവസങ്ങളോളം തങ്ങി തനിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ളവരുമായി കൂട്ടായും മമത പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിരുന്നു. നയതന്ത്ര ചർച്ചകൾക്കായി ഇരുരാജ്യങ്ങളും തീരുമാനിച്ചതു പ്രകാരം സന്ദർശന ദിവസം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ ഹസീന ഇന്ത്യ സന്ദർശനത്തിന് എത്തേണ്ടതായിരുന്നു. 17നാണ് ഹസീനയുടെ സന്ദർശനം നിശ്ചയിച്ചതെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്.


ബംഗ്ലാദേശ് പിറവിയിൽ കലാശിച്ച 1971ലെ ഇന്ത്യാ–പാക് യുദ്ധത്തിന്റെ വിജയ് ദിവസ് ആയി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബർ 16. ഇതിന് അടുത്തദിവസം ബംഗ്ലാദേശുമായി നയതന്ത്രചർച്ച നിശ്ചയിച്ചതിനു പിന്നിൽ കേന്ദ്രസർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങളും മുന്നിൽ കണ്ടിരുന്നു. നയതന്ത്രം, അതിർത്തി, ടൂറിസം, നദീജലം പങ്കുവയ്ക്കൽ തുടങ്ങിയവയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം. അതേസമയം, ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്രതല ചർച്ച നടക്കുമെന്നും ഇതുസംബന്ധിച്ച തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും എത്രയും വേഗം അതു നടത്തുമെന്നുമാണു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.