പഴയ 500, 1000 നോട്ടുകളുടെ ഉപയോഗം അവസാനിച്ചു
പഴയ 500, 1000 നോട്ടുകളുടെ  ഉപയോഗം അവസാനിച്ചു
Saturday, December 10, 2016 2:34 PM IST
ന്യൂഡൽഹി: റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകൾ അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്നത് ഇന്നലെ അർധരാത്രി മുതൽ നിർത്തി. റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ, സർക്കാർ നിയന്ത്രിത ബസ് ടിക്കറ്റ് കൗണ്ടർ, റെയിൽവേ കാറ്ററിംഗ് സർവീസ്, സബർബൻ റെയിൽവേ, മെട്രോ റെയിൽവേ എന്നിവിടങ്ങളിലും പഴയ നോട്ടുകൾ ഇനി സ്വീകരിക്കില്ല. ഡിസംബർ 15 വരെ ഇവിടങ്ങളിൽ പിൻവലിച്ച 500 രൂപ നോട്ടുകൾ സ്വീകരിക്കുമെന്നാണു നേരത്തെ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്.

എന്നാൽ, സർക്കാർ ആശുപത്രികൾ, ഫാർമസികൾ, കൺസ്യൂമർ സഹകരണ സ്റ്റോറുകൾ സർക്കാർ നിയന്ത്രണത്തിലുള്ള പാൽ ബൂത്തുകൾ, സെമിത്തേരികൾ, ശ്മശാനങ്ങൾ എന്നിവിടങ്ങളിൽ ഈ മാസം 15 വരെ പഴയ നോട്ടുകൾ സ്വീകരിക്കും. പാചക വാതക സിലിണ്ടറുകളുടെ പണമടയ്ക്കാനും ആർക്കിയോളജിക്കൻ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്ര സ്മാരകങ്ങളുടെ ടിക്കറ്റ് വാങ്ങാനും സർക്കാരിന്റെ എല്ലാത്തരം ഫീസുകൾ, നികുതികൾ, പിഴയൊടുക്കൽ എന്നിവയ്ക്കും ജല, വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനും സർക്കാർ വിപണന കേന്ദ്രങ്ങളിൽനിന്നുള്ള കാർഷിക വിത്തുകൾ വാങ്ങുന്നതിനും സർക്കാർ സ്കൂളുകളിലെയും കോളജുകളിലെയും 2000 രൂപ വരെയുള്ള ഫീസ് അടയ്ക്കുന്നതിനും പ്രീ പെയ്ഡ് മൊബൈൽ ഫോണുകളിൽ 500 രൂപയുടെ റീചാർജിംഗിനും ഡിസംബർ 15വരെ ഇളവുണ്ടായിരിക്കുമെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിൽ വ്യക്‌തമാക്കി.


പിൻവലിച്ച 500 രൂപ, 1000 രൂപ നോട്ടുകൾ ഈ മാസം 30 വരെ ബാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്. പഴയ ആയിരം രൂപ വിനിമയം ചെയ്യാവുന്നതിന്റെ പരിധി കഴിഞ്ഞ നവംബർ 24ന് അവസാനിച്ചിരുന്നു. വൈദ്യുതി, വെള്ളം ബില്ലുകൾക്കു മാത്രമേ ഇനി 1000 രൂപാ നോട്ടുകൾ ഉപയോഗിക്കാൻ പറ്റൂ. ഇത് ഡിസംബർ 15വരെ ഉപയോഗിക്കാം. ഈ സൗകര്യം വ്യക്‌തികൾക്കും കുടുംബങ്ങൾക്കും മാത്രമെ ലഭ്യമാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.