പന്തളം പീഡന കേസ്: ശിക്ഷ സുപ്രീം കോടതി ശരിവച്ചു
പന്തളം പീഡന കേസ്: ശിക്ഷ സുപ്രീം കോടതി ശരിവച്ചു
Monday, January 9, 2017 2:54 PM IST
ന്യൂഡൽഹി: പന്തളം എൻഎസ്എസ് കോളജിൽ വിദ്യാർഥിനിയെ കെണിയിൽ കുടുക്കി പീഡിപ്പിച്ച കേസിൽ പ്രഫസർ ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവച്ചു.

പീഡനം നടന്നിട്ടുണ്ടെന്നു തെളിവുണ്ടെന്നു ജസ്റ്റീസുമാരായ എ.കെ.ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. അതേസമയം, കേസിലെ മൂന്നാം പ്രതി യും അധ്യാപകനായ സി.എം. പ്രകാശ്, ആറാം പ്രതി തഴക്കര മുൻ പഞ്ചായത്ത് അംഗം മനോജ് കുമാർ, ഏഴാം പ്രതി സീരിയൽ നിർമാതാവായ ഷാ ജോർജ് എന്നിവർക്കു ഹൈക്കോടതി വിധിച്ച ഏഴു വർഷത്തെ ജയിൽ ശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. കോളജ് അധ്യാപകനും ഒന്നാം പ്രതിയുമായ കെ.വേണുഗോപാൽ, നാലാം പ്രതി കോൺട്രാക്ടർ വേണുഗോപാൽ, അഞ്ചാം പ്രതി പലചരക്ക് കടയുടമ ജ്യോതിഷ് കുമാർ എന്നിവർക്കു പതിനൊന്നു വർഷത്തെ തടവിനാണു ഹൈക്കോടതി ശിക്ഷിച്ചത്. ഇതു ശരിവച്ച സുപ്രീം കോടതി, ഹൈക്കോടതി വിധിയിലുള്ള പിഴയിൽ മാറ്റമില്ലെന്നും വ്യക്‌തമാക്കി.


1997ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോളജിൽ ബിരുദത്തിനു പഠിച്ചിരുന്ന വിദ്യാർഥിനിയെ ആദ്യം ഒരു പ്രഫസറാണ് മാനഭംഗത്തിന് ഇരയാക്കിയതെന്നാണു കേസ്. തുടർന്ന് ഇയാൾ സഹ അധ്യാപകരിൽ ചിലർക്കു വഴങ്ങാനും പെൺകുട്ടിയെ നിർബന്ധിച്ചു. പിന്നീട് ഇവരുടെ സുഹൃത്തായ ഒരു കോൺട്രാക്ടർക്കും കൂട്ടുകാർക്കും വഴങ്ങിക്കൊടുക്കാനും നിർബന്ധിച്ചു. എട്ടു തവണയാണു പെൺകുട്ടി പീഡനത്തിന് ഇരയായത്.

തുടർന്ന് സഹോദരിയെയും കൂട്ടുകാരിയെയും കൂട്ടിക്കൊണ്ടു വരണമെന്നു നിർബന്ധിച്ചതോടെയാണു പെൺകുട്ടി പീഡന വിവരം വീട്ടിൽ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.