കമലിനെതിരേ ആക്ഷേപം ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി ശ്രമം: സുധീരൻ
Tuesday, January 10, 2017 2:17 PM IST
ന്യൂഡൽഹി: ചലച്ചിത്ര സംവിധായകൻ കമലിനെതിരേ കേരളത്തിലെ ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങളിൽ മാപ്പു പറഞ്ഞ് തെറ്റു തിരുത്തുന്നതിനു പകരം പാർട്ടി അഖിലേന്ത്യ സെക്രട്ടറി തന്നെ വീണ്ടും ആക്ഷേപവുമായി രംഗത്തെത്തിയത് മുൻകൂട്ടി തയാറാക്കിയ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ.

നോട്ട് പിൻവലിക്കലിനെ തുടർന്ന് മോദി ഭരണകൂടത്തിനും ബിജെപിക്കുമെതിരേ രാജ്യവ്യാപകമായി ഉയരുന്ന ജനരോക്ഷത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ബിജെപി നേതൃത്വം ഇപ്പോൾ ശ്രമിച്ചുവരുന്നത്. ഇതിന്റെ ഭാഗമായുള്ളതാണ് കമലിനെതിരായ ആക്ഷേപങ്ങളും. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. സാക്ഷി മഹാരാജിനെപ്പോലുള്ളവർ കഴിഞ്ഞ ദിവസം നടത്തിയ വർഗീയ വിഷം ചീറ്റുന്ന പരാമർശങ്ങളുടെ കേരളത്തിലും വർഗീയ ധ്രൂവീകരണം ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ.

കേരളത്തിൽ വർഗീയ സ്പർധ വളർത്താൻ ശ്രമിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാകണം. ഇത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

വിദ്വേഷം പരത്തുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ചേ മതിയാകൂവെന്നും സുധീരൻ ആവശ്യപ്പെട്ടു.

ഉദ്യോഗസ്‌ഥ ചേരിപ്പോരിൽ സംസ്‌ഥാന മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത് ഭരണകൂട ഗുണ്ടായിസമാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ഒരു പ്രശ്നം എത്രത്തോളം വഷളാക്കാമോ അത്രത്തോളം വഷളാക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഏറെനാളായി വാർത്തകളിൽ വരുന്ന കാര്യമാണ് ഉന്നത ഉദ്യോഗസ്‌ഥർക്കിടയിലെ ചേരിപ്പോര്. ഇത് യഥാസമയം ഇടപെട്ട് പരിഹരിക്കാൻ ബാധ്യതപ്പെട്ട സംസ്‌ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി, ചർച്ച ചെയ്ത് നീതിബോധത്തോടെ പരിഹാരം കണ്ടെത്തുന്നതിന് പകരം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്ന അവസ്‌ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സാഹചര്യം ഒഴിവാക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിരുന്നത്. അതിന് പകരം ഉദ്യോഗസ്‌ഥന്മാരെ മുഴുവൻ ഭീഷണിപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് വളരെ തെറ്റായ ശൈലിയായിപ്പോയെന്നും സുധീരൻ ആരോപിച്ചു.

അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിന് സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം നിലിവുള്ള വിജിലൻസ് സംവിധാനം പര്യാപ്തമല്ല. ആരോപണത്തിനും അഴിമതിക്കും കക്ഷിബന്ധമല്ല. ആർക്കെതിരെ ആരോപണം ഉണ്ടായാലും അന്വേഷിക്കണം.

സ്വതന്ത്രവും നീതിപൂർവ്വകവുമായി അന്വേഷണം നടക്കണമെങ്കിൽ സംസ്‌ഥാനത്ത് ഒരു വിജിലൻസ് കമ്മീഷൻ രൂപീകൃതമാകേണ്ടതുണ്ട്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, നിയമസഭ സ്പീക്കർ എന്നിവർ ചേർന്ന സംവിധാനമായിരിക്കണം വിജിലൻസ് കമ്മീഷനെ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.