അതിർത്തിയിൽ പട്ടിണിയും പരിവട്ടവുമെന്ന് സൈനികൻ
അതിർത്തിയിൽ പട്ടിണിയും പരിവട്ടവുമെന്ന് സൈനികൻ
Tuesday, January 10, 2017 2:38 PM IST
ന്യൂഡൽഹി: അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ പട്ടിണിയിലും ദുരിതത്തിലുമാണെന്നു വെളിപ്പെടുത്തിയ ബിഎസ്എഫ് ജവാനെ പുറത്താക്കിയേക്കും. അച്ചടക്ക ലംഘനത്തിന്റെ പേരിൽ തേജ് ബഹാദൂർ യാദവ് എന്ന ജവാൻ കോർട്ട് മാർഷലിന്റെ വക്കിലാണെന്നാണു ബിഎസ്എഫ് വ്യക്‌തമാക്കുന്നത്. 20 വർഷക്കാലത്തെ സൈനിക സേവനത്തിനിടെ നാലു തവണ മോശം പെരുമാറ്റത്തിന്റെ പേരിൽ യാദവിനെതിരേ നടപടികളുണ്ടായിട്ടുണ്ട്. ഇക്കാരണം കൊണ്ടു യാദവിനു സ്‌ഥാനക്കയറ്റവും കിട്ടിയിരുന്നില്ല. ഇതിൽ നിന്നുണ്ടായ അസ്വസ്‌ഥതകളാണ് യാദവിന്റെ പ്രതികരണത്തിനു കാരണമെന്നാണ് ബിഎസ്എഫ് ഡിഐജി എംഡിഎസ് മൻ പറഞ്ഞത്.

അതേസമയം, ജവാന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ അടിയന്തര നടപടിയെടുക്കുമെന്നും ബിഎസ്എഫ് ഡിഐജി വ്യക്‌തമാക്കി. വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ നിയന്ത്രണ രേഖയിലെ ഡ്യൂട്ടിയിൽ നിന്ന് പൂഞ്ചിലെ 29ാം ബറ്റാലിയൻ ആസ്‌ഥാനത്തേക്കാണ് യാദവിനെ മാറ്റിയത്. മോശം പെരുമാറ്റത്തെത്തുടർന്ന് തേജ് ബഹാദൂർ യാദവിനെ 2010ൽ കോർട്ട് മാർഷലിനു വിധേയനാക്കിയതാണെന്നും പിന്നീട് ഇയാളുടെ കുടുംബത്തെ കരുതി സർവീസിൽ നിന്നു പുറത്താക്കാതിരുന്നതാണെന്നുമാണ് ബിഎസ്എഫ് ഐജി ഡി.കെ ഉപാധ്യായ പറഞ്ഞത്.


ഇന്നലെയാണ് തങ്ങൾക്കു കിട്ടുന്ന മോശം ഭക്ഷണം ഉൾപ്പടെയുള്ള പരാധീനതകൾ യാദവ് വീഡിയോയിൽ ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ടത്. മോശം ഭക്ഷണത്തിന്റെ ദൃശ്യം സഹിതം ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്തു മണിക്കൂർ ജോലി ചെയ്യാൻ കഴിയുമോ എന്നായിരുന്നു യാദവിന്റെ ചോദ്യം. നാലു മിനിറ്റോളം ദൈർഘ്യമുള്ള ഫേസ്ബുക്ക് വീഡിയോ വൈറലായതിനു പിന്നാലെ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിട്ടിരുന്നു. ആഭ്യന്തര സെക്രട്ടറിയോട് ബിഎസ്എഫിന്റെ റിപ്പോർട്ട് തേടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. അനുയോജ്യമായ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി നിർദേശിച്ചിട്ടുണ്ട്. അതിർത്തിയിൽ സന്ദർശനം നടത്തിയപ്പോഴൊന്നും ജവാൻമാരുടെ പരാതി കിട്ടിയിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പറഞ്ഞു. ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.