മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
Thursday, May 16, 2024 1:27 AM IST
മുംബൈ: മുംബൈ ഘാട്കോപ്പറിൽ തിങ്കളാഴ്ച അതിശക്തമായ കാറ്റിലും പേമാരിയിലും തകർന്നുവീണ കൂറ്റൻ പരസ്യഹോർഡിംഗിന്റെ അടിയിൽ രണ്ട് മൃതദേഹങ്ങൾകൂടി രക്ഷാപ്രവർത്തകർ കണ്ടെത്തി.
ചെദ്ദാനഗറിൽ ഒരു പെട്രോൾപന്പിനു മുകളിലേക്കു തകർന്നുവീണ ഹോർഡിംഗിന്റെ ചട്ടക്കൂടിനടിയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നലെയും തുടർന്നു.
അപകടശേഷം മൊത്തം 89 പേരെ പുറത്തെത്തിച്ചു. ഇതിൽ 14 പേർ മരണമടഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. അഞ്ച് വലിയ ചട്ടക്കൂടുകൾ കൂട്ടിയോജിപ്പിച്ചാണ് പടുകൂറ്റൻ പരസ്യഹോർഡിംഗ് നിർമിച്ചിരിക്കുന്നത്. മൂന്നാമത്തെ ചട്ടക്കൂടിനു സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടാമത്തെ ചട്ടക്കൂടുവരെയാണ് ഇന്നലെ ദേശീയ ദുരന്തനിവാരണസേന മുറിച്ചുമാറ്റിയത്.
പെട്രോൾ പന്പിനുമുകളിലേക്കു വീണതിനാൽ ഗ്യാസ് കട്ടറുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇന്നലെ ഇരുന്പ് മുറിച്ചുമാറ്റുന്നതിനിടെ അപകടസ്ഥലത്ത് ചെറിയ അഗ്നിബാധയുണ്ടായി. തീ അതിവേഗത്തിൽ അണച്ചതിനാൽ മറ്റൊരു അപകടം ഒഴിവായി.
റെയിൽവേ പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃത പരസ്യബോർഡ് പടുത്തുയർത്തിയിരുന്നത്. ഇതേത്തുടർന്ന് ബിഎംസി അധികൃതർ റെയിൽവേ അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഹോർഡിംഗ് സ്ഥാപിച്ച ഇഡോ മീഡിയയുടെ ഡയറക്ടർ ഭവേഷ് ഭിൻഡെയ്ക്കെതിരേ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽപ്പോയ ഇയാളുടെ മൊബൈൽഫോൺ പ്രവർത്തനരഹിതമായ നിലയിലാണ്.
ഭവേഷിന്റെ പേരിൽ ഇരുപതിലധികം കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ഇതിലൊന്ന് മാനഭംഗക്കേസാണ്. അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ അനധികൃത ഹോർഡിംഗുകൾക്കെതിരേ നടപടിയെടുക്കാൻ ബിഎംസി അധികൃതർ നിർദേശം നൽകി.