നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
Thursday, May 16, 2024 1:41 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കി കേന്ദ്രസർക്കാർ. വിജ്ഞാപനം ഇറക്കി രണ്ടു മാസത്തിനുശേഷം ഓണ്ലൈനായി ലഭിച്ച അപേക്ഷകളിൽ 14 പേർക്കാണു പൗരത്വം നൽകിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. ഐബി ഡയറക്ടർ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതവിവേചനം നേരിട്ട് ഇന്ത്യയിൽ എത്തുന്ന മുസ്ലിം ഇതര മതവിഭാഗക്കാർക്കാണു പൗരത്വനിയമ ഭേദഗതി നിയമപ്രകാരം പൗരത്വം നൽകുന്നത്.
2014 ഡിസംബർ 31ന് മുന്പ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്കാണ് പൗരത്വം നൽകുന്നത്. മുസ്ലിംകളെ ഒഴിവാക്കിയതിനെതിരേ കടുത്ത പ്രതിഷേധമാണു നടന്നത്. പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയിൽ താമസിക്കേണ്ട കാലാവധി 11ൽനിന്ന് അഞ്ചു വർഷമായി കുറച്ചിട്ടുണ്ട്.
ബിൽ പാസാക്കി നാലു വർഷത്തിനുശേഷം കഴിഞ്ഞ മാർച്ച് 11നാണ് രാഷ്ട്രപതി ഒപ്പുവച്ച് വിജ്ഞാപനമിറക്കിയത്. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുമെന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി കാരണമാണു നിയമം നടപ്പിലാക്കാൻ വൈകിയതെന്നായിരുന്നു ബിജെപിയുടെ വാദം.
എന്നാൽ, തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു കേന്ദ്രം പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
മതത്തിന്റെ പേരിൽ പീഡനം നേരിടുന്ന മുസ്ലിംകൾക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്നും പുതിയ നിയമം പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
ഒരുവിഭാഗം ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കാനും പൗരത്വം എടുത്തുകളയാനുമാണ് നിയമം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് സിഎഎയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.