കേരളസഭ വിശ്വാസത്തിന്റെ വിളനിലം: ഫ്രാന്‍സിസ് മാര്‍പാപ്പ
കേരളസഭ വിശ്വാസത്തിന്റെ  വിളനിലം: ഫ്രാന്‍സിസ് മാര്‍പാപ്പ
Tuesday, November 25, 2014 11:49 PM IST
വത്തിക്കാനില്‍നിന്നു സിജോ പൈനാടത്ത്

കേരളസഭയ്ക്ക് സവിശേഷമായ ആത്മീയശക്തിയുണ്െടന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഈ ശക്തിയോടെ തുടര്‍ന്നും മുന്നോട്ടു പോകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വിശുദ്ധ ചാവറ കുര്യാക്കോ സ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും നാമകരണ ചടങ്ങുകളോടനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ദിവ്യബലിക്കു മുന്നോടിയായി കേരളത്തില്‍ നിന്നുള്ള സന്യസ്തരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

കേരള സംസ്ഥാനത്തുനിന്നു ള്ള രണ്ടു വിശുദ്ധരുടെ നാമകരണത്തിനു കര്‍ത്താവിനു നന്ദിപറയുന്നതിനു നിങ്ങളോടൊപ്പം ചേരാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അവസരത്തില്‍ ഇന്ത്യയിലെ സഭയ്ക്കും കേരളത്തിലെ സഭയ്ക്കും അവരുടെ പ്രേഷിതതീക്ഷ്തയുടേയും വിശ്വാസസാക്ഷ്യത്തിന്റെയും പേരില്‍ ഞാന്‍ നന്ദിപറയുന്നു. നന്ദി, നന്ദി, ഈ ചൈത ന്യം കാത്തുസൂക്ഷിക്കുക.

ദൈവവിളിയുടെയും പൌരോഹിത്യത്തിന്റെയും ഫലഭൂയിഷ്ഠമായ മണ്ണാണു കേരളം. അതു നിലനിര്‍ത്തുക, നിങ്ങളുടെ സാക്ഷ്യം സജീവം തുടരുക മാര്‍പാപ്പ പറ ഞ്ഞു. ആത്മീയതയിലും സാമൂഹ്യമുന്നേറ്റത്തിലും വലിയ സംഭാവനകള്‍ നല്‍കിയ വിശുദ്ധ ചാവറയച്ചന്‍ അജപാലകര്‍ക്കും വിശ്വാസികള്‍ക്കു മുഴുവനും മാതൃകയാണ്. പ്രാര്‍ഥനാ ജീവിതത്തിനു വലിയ പ്രാധാന്യം നല്‍കിയ എവുപ്രാസ്യമ്മയെ അനുകരിക്കാന്‍ എല്ലാ സന്യാസിനികളും ശ്രദ്ധിക്കണം. വിശുദ്ധ പദവി പ്രഖ്യാപന ചട ങ്ങുകള്‍ക്കും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കും വേണ്ട ക്രമീകരണങ്ങളൊരുക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. ആഗോളസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളായ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും നമ്മോടൊപ്പമുണ്ട്. വിശുദ്ധ തോമാശ്ളീഹയുടെ പാരമ്പര്യം പേറുന്ന സീറോ മല ബാര്‍ സഭയും കേരളസഭ മുഴുവനും രണ്ടു വിശുദ്ധരെ ലഭിച്ചതിലൂടെ കൂടുതല്‍ ധന്യമായിരിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. നാലു മിനിറ്റു നീണ്ടുനിന്ന പ്രസംഗം ഇറ്റാലിയന്‍ ഭാഷയിലായിരുന്നു. ഇതിന്റെ ഇംഗ്ളീഷ് പരിഭാഷയും ഉണ്ടായിരുന്നു. പ്രിയ സഹോദരീസഹോദരന്മാരേ എന്നര്‍ഥം വരുന്ന “കാരി ഫ്രത്തെല്ലി എ സൊ രേല്ലെ’ എന്ന ഇറ്റാലിയന്‍ അഭിവാദ്യത്തോടെയാണു മാര്‍പാപ്പ പ്രസംഗമാരംഭിച്ചത്. കേരളം എന്നു പാപ്പ ഉച്ചരിച്ചപ്പോള്‍ സദസില്‍നിന്നു കൈയടി ഉയര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.