ബാള്‍ട്ടിമോറില്‍ അടിയന്തരാവസ്ഥ; 200 പേര്‍ അറസ്റില്‍
ബാള്‍ട്ടിമോറില്‍ അടിയന്തരാവസ്ഥ; 200 പേര്‍ അറസ്റില്‍
Wednesday, April 29, 2015 12:21 AM IST
ബാള്‍ട്ടിമോര്‍: കറുത്തവര്‍ഗക്കാരനായ ഫ്രെഡി ഗ്രേ എന്ന ഇരുപത്തഞ്ചുകാരന്‍ പോലീസ് കസ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ നഗരത്തില്‍ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തോടനുബന്ധിച്ച് 200 പേരെ പോലീസ് അറസ്റു ചെയ്തു. ജനങ്ങള്‍ പോലീസിനെ ആക്രമിക്കുകയും കടകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്തു.

നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 15 പോലീസുകാര്‍ക്കു പരിക്കേറ്റു. 144 വാഹനങ്ങള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കി. ബാള്‍ട്ടിമോറില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ മേരിലാന്‍ഡ് ഗവര്‍ണര്‍ ഉത്തരവിട്ടു. 5000ത്തോളം ഗാര്‍ഡുകളെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

വെസ്റ് ബാള്‍ട്ടിമോറില്‍ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.കറുത്തവംശജന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയിലെ ഫെര്‍ഗൂസനില്‍ കഴിഞ്ഞവര്‍ഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിനുശേഷമുണ്ടാവുന്ന ഏറ്റവും വലിയ കലാപമാണിത്. കറുത്തവംശജനായ ഫ്രെഡി ഗ്രേയെ പോലീസ് ഈ മാസം 12നാണ് കസ്റഡിയിലെടുത്തത്.

പോലീസിനെ വെട്ടിച്ച് ഓടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്. വിലങ്ങുവച്ച് സീറ്റ് ബല്‍റ്റിടാതെ വാനില്‍ കയറ്റിക്കൊണ്ടുപോയി. കടുത്ത ആസത്മ രോഗിയായ അദ്ദേഹത്തിന് ചികിത്സാ സൌകര്യം നിഷേധിച്ചു. പോലീസ് കസ്റഡിയില്‍ നട്ടെല്ലിനു പരിക്കേറ്റ ഗ്രേ ഒരാഴ്ചയോളം അബോധാവസ്ഥയില്‍ കിടന്നശേഷം 19നാണു മരിച്ചത്. അതിനുശേഷം സമാധാനപരമായി പ്രകടനങ്ങള്‍ നടന്നു.

എന്നാല്‍, തിങ്കളാഴ്ച മൃതദേഹസംസ്കാരത്തിനുശേഷം വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രകടനം അക്രമാസക്തമായി. തുടര്‍ന്ന് ജനക്കൂട്ടം കൊള്ളയും കൊള്ളിവയ്പും തുടങ്ങുകയായിരുന്നു.

പോലീസിനെ കല്ലെറിഞ്ഞ മകന് അമ്മയുടെ വക തല്ല്

ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോറില്‍ കലാപകാരികളുടെ കൂടെച്ചേര്‍ന്ന് പോലീസിനെ കല്ലെറിഞ്ഞ വിദ്യാര്‍ഥിക്ക് അമ്മയുടെ വക പൊരിഞ്ഞ തല്ല്. വീട്ടിലിരുന്നു ടിവി കാണുമ്പോഴാണ് പ്രകടനക്കാരുടെ കൂട്ടത്തിലുള്ള മകനെ അമ്മ കണ്ടത്. പഠിക്കാന്‍ സ്കൂളില്‍ അയച്ച മകന്‍ പോലീസിനു നേരേ കല്ലെറിയുന്ന ദൃശ്യം കണ്ട് കലിയിളകിയ അമ്മ വീട്ടില്‍നിന്ന് ഓടി തെരുവിലെത്തി.

ജനക്കൂട്ടത്തില്‍ മകനെ തെരഞ്ഞുപിടിച്ച അമ്മ അവനെ വഴക്കു പറയുന്നതിന്റെയും തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഹിറ്റായി. ഇത്തരം കൂടുതല്‍ അമ്മമാരു ണ്ടായിരുന്നെങ്കില്‍ എന്ന് ബാള്‍ട്ടിമോര്‍ പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.