തുര്‍ക്കിയുടെ സംരക്ഷണത്തിനു സേനയെ അയയ്ക്കാം: നാറ്റോ
Friday, October 9, 2015 12:20 AM IST
ബ്രസല്‍സ്: തുര്‍ക്കിയുടെ സംരക്ഷണത്തിനു വേണ്ടിവന്നാല്‍ സൈന്യത്തെ അയയ്ക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. സിറിയയില്‍ വ്യോമാക്രമണം നട ത്തുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയയില്‍ ഐഎസിനെതിരേ റഷ്യ നടത്തുന്ന വ്യോമാക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാറ്റോ പ്രതിരോധമന്ത്രിമാരുടെ യോഗം ബ്രസല്‍സില്‍ ആരംഭിച്ചു.

സിറിയയിലെ അവസ്ഥ റഷ്യയുടെ ഇടപെടലോടെ അത്യന്തം മോശമായിരിക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി മൈക്കല്‍ ഫാലന്‍ പറഞ്ഞു.

ഇതിനിടെ സിറിയന്‍ സൈന്യം റഷ്യയുടെ പിന്‍ബലത്തോടെ അസാദിനെ എതിര്‍ക്കുന്ന വിമത ഗ്രൂപ്പുകളെ ലക്ഷ്യമിട്ടു ശക്തമായ ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സിറിയയില്‍ മോസ്കോ വ്യോമാക്രമണത്തിനു തുനിയുന്ന കാര്യം മുന്‍കൂട്ടി അറിയുന്നതില്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പരാജയപ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിലെ ഇന്റലിജന്‍സ് കമ്മിറ്റികള്‍ അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.