സുഡാൻ രാസായുധം പ്രയോഗിച്ചെന്ന് ആംനസ്റ്റി
സുഡാൻ  രാസായുധം പ്രയോഗിച്ചെന്ന് ആംനസ്റ്റി
Thursday, September 29, 2016 12:28 PM IST
യുണൈറ്റഡ് നേഷൻസ്: സുഡാൻ സൈന്യം ജനുവരിക്കുശേഷം കുറഞ്ഞതു 30 തവണ ഡാർഫുർ പരിസരത്ത് രാസായുധം പ്രയോഗിച്ചെന്ന് ആംനസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തി. ഇതിന്റെ ഫലമായി 250പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. രാസായുധം പ്രയോഗിക്കുന്നതു യുദ്ധക്കുറ്റമാണ്.

ഈ മാസം ഒമ്പതിനാണ് ഏറ്റവും ഒടുവിലത്തെ ആക്രമണം. ഉപഗ്രഹഫോട്ടോകൾ പഠിക്കുകയും 200ൽ അധികം പേരെ ഇന്റർവ്യൂ ചെയ്യുകയും ചെയ്തശേഷമാണ് തങ്ങൾ ഈ നിഗമനത്തിലെത്തിയതെന്ന് ആംനസ്റ്റി വ്യക്‌തമാക്കി.

ആംനസ്റ്റി റിപ്പോർട്ടു തള്ളിയ യുഎന്നിലെ സുഡാൻ സ്‌ഥാനപതി ഒമർ ദഹാബ് ഫാദിൽ മുഹമ്മദ്, സുഡാൻ സൈന്യത്തിന്റെ പക്കൽ രാസായുധമില്ലെന്നു ചൂണ്ടിക്കാട്ടി. റിപ്പോർട്ട് അടിസ്‌ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്.

ഖാർത്തുമിലെ സർക്കാരിനെതിരെ ഡാർഫുറിലെ അറബിയിതര വംശജർ പോരാട്ടം ആരംഭിച്ചിട്ടു നാളുകളായി. 2003നുശേഷം ഇതുവരെ ഡാർഫുറിൽ 300,000പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ഡാർഫുർ കലാപം അടിച്ചമർത്താനായി നടത്തിയ കൂട്ടക്കൊലയുടെ പേരിൽ സുഡാൻ പ്രസിഡന്റ് ഒമർ ഹസൻ അൽ ബഷീറിനെതിരേ രാജ്യാന്തര ക്രിമിനൽ കോടതി 2009ൽ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.