റവ.ഡോ.അർതുറോ സോസ ഈശോസഭാ സുപ്പീരിയർ ജനറൽ
റവ.ഡോ.അർതുറോ സോസ  ഈശോസഭാ സുപ്പീരിയർ ജനറൽ
Friday, October 14, 2016 11:48 AM IST
റോം: ഈശോസഭയുടെ 31ാമതു സുപ്പീരിയർ ജനറലായി വെനസ്വേലയിൽനിന്നുള്ള റവ.ഡോ.അർതുറോ സോസ അബാസ്കലിനെ തെരഞ്ഞെടുത്തു. ഗോവയിൽനിന്നുള്ള ഫാ.ആഗ്നെല്ലോ മസ്കരനാസാണു സെക്രട്ടറി ജനറൽ. റോമിൽ നടക്കുന്ന സഭയുടെ സാർവത്രികസമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

റവ.ഡോ.അഡോൾഫോ നിക്കോളാസിന്റെ പിൻഗാമിയായാണു 66കാരനായ റവ.ഡോ. അർതുറോ ചുമതലയേൽക്കുന്നത്. കത്തോലിക്കാസഭയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ഈശോസഭയുടെ ജനറലിനു കറുത്ത പാപ്പ എന്ന വിശേഷണമുണ്ട്.

വെനസ്വേലയിലെ കാരക്കാസിൽ 1948 നവംബർ 12നു ജനിച്ച റവ.ഡോ.അർതുറോ സോസ റോമിൽ ഈശോസഭയുടെ അന്താരാഷ്ട്ര ഭവനങ്ങളുടെയും റോമിലെ പ്രവർത്തനങ്ങളുടെയും ചുമതലക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു. സ്പാനിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ വശമുള്ള ഇദ്ദേഹത്തിനു രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റുണ്ട്.


1996 മുതൽ 2004 വരെ ഈശോസഭയുടെ വെനിസ്വേല പ്രൊവിൻഷ്യാളായിരുന്നു. 2008 മുതൽ റോമിൽ ജനറലിന്റെ ഉപദേശകനായി. 2014 മുതൽ ഈശോസഭയുടെ ഭരണകാര്യാലയം, ഈശോസഭാ ജനറലിന്റെ കീഴിലുള്ള ഗ്രിഗോറിയൻ സർവകലാശാല ബിബ്ലിക്കൽ, ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രം എന്നിവയുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഇന്നു ഫ്രാൻസിസ് മാർപാപ്പ സാർവത്രിക സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഈശോസഭാംഗം തന്നെയായ മാർപാപ്പ ആദ്യമായാണ് ഈശോസഭയുടെ സാർവത്രിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.